ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഷട്ടർ ആഗസ്റ്റ് 5 ന് തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകി. രാവിലെ 10 മണിയോടെ നിലവിലെ റൂൾ കർവിൽ എത്തിയേക്കും. മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഡാമുകൾ തുറക്കാനും കൂടുതൽ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്.
മലമ്പുഴ ഡാം ഓഗസ്റ്റ് 6ന് രാവിലെ ഒൻപത് മണിയോടെ തുറന്നേക്കും. കൽപ്പാത്തി,ഭാരതപ്പുഴ, മുക്കൈ പുഴയോരവാസികൾ ജാഗ്രത പാലിക്കണം. ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നേക്കും. കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് കൂടുതൽ ജലം ഒഴുക്കും. തെന്മല ഡാം 05/08/2022 രാവിലെ 11 ന് തുറക്കും. പെരിങ്ങൽകുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു. ചിമ്മിനി ഡാമിലെ കൂടുതൽ വെള്ളം തുറന്നുവിടുകയാണ്. കുറുമാലി പുഴക്കരയിലുള്ളവർ മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള ഷോളയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു.
മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും മഴ തുടരും. കാലാവ്സഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണം. അടുത്ത ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്.
അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്