മന്ത്രി ആന്റണി രാജുവിനെതിരെയുളള തൊണ്ടി മുതൽ മോഷണ കേസിൽ തുടർ നടപടികൾ ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ് പരിഗണിക്കുന്നത് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. കേസിന്റെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. ആന്റണി രാജുവിന്റെ അഭിഭാഷകൻ ഇക്കാര്യം വിചാരണ കോടതിയെ രേഖാ മൂലം അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം കോടതിയിലെ മുൻ ക്ലാർക്ക് ജോസി കോടതിയിൽ ഹാജരായിരുന്നു. രണ്ടാം പ്രതിയായ ആന്റണി രാജു നേരിട്ട് ഹാജരായില്ല. കേസ് പരിഗണിച്ചപ്പോൾ സ്റ്റേയുള്ള കാര്യം മന്ത്രിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രേഖാമൂലം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടപ്പോൾ അഭിഭാഷകൻ സത്യവാങ്മൂലം നൽകുകയായിരുന്നു.

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കേസിൻറെ വിചാരണ നടപടികൾ ആരംഭിക്കാനിക്കെയാണ് തൊണ്ടി മുതൽ മോഷണ കേസിൽ തുടർ നടപടികൾ ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതിയും മന്ത്രിയുമായ ആന്റണി രാജു സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാൻറെ നടപടി.

കോടതി കസ്റ്റഡിയിലിരിക്കെ തൊണ്ടി മുതൽ മാറ്റി സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം കേസ് എടുക്കാൻ നടപടി തുടങ്ങേണ്ടത് മജിസ്ട്രേറ്റ് കോടതിയോ കോടതി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആകണം. തുടർന്ന് മറ്റൊരു മജിസ്ടേറ്റ് കോടതിയിൽ പരാതി നൽകണം. എന്നാൽ ആൻറണി രാജുവിനെതിരെ ശിരസ്തദാറുടെ മൊഴിയിൽ പോലീസ് നേരിട്ട് കേസ് എടുക്കുകയും ആ കുറ്റപത്രം സ്വീകരിച്ച് തുടർ നടപടിയെടുക്കുകയുമായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ആൻറണി രാജു കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി ഇടപെട്ടത്.

1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ ക്രിത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആൻറണി രാജു കോടതി ക്ലർക്കിൻറെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്

Share
അഭിപ്രായം എഴുതാം