ചെന്നൈ/ ബെംഗളൂരു: തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും വിവിധ ജില്ലകളിൽ മഴ തുടരുന്നു. സേലം മേട്ടൂർ അണക്കെട്ടിൽ നിന്നും സെക്കന്റിൽ 2.1 ഘനഅടി വെള്ളം തുറന്നുവിടുന്നതിനാൽ കാവേരി നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിർദ്ദേശം നൽകി. ഹൊക്കനഗലിൽ ക്ഷേത്രത്തിൽ കുടുങ്ങിയ വൃദ്ധദന്പതികളെ അഗ്നിരക്ഷാ സേനയും പൊലിസും രക്ഷപ്പെടുത്തി.
അണക്കെട്ടുകൾ തുറന്നതോടെ, കാവേരി നദിയിൽ ജലനിരപ്പ് ഉയർന്നു. എല്ലാ കൈവഴികളിലും നീരോഴുക്ക് കൂടി. പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തേനി, നീലഗിരി ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ മിതമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കര്‍ണാടകയിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കാവേരി നദി തീരത്ത് ജാഗ്രതാ നിര്‍ദേശം നല്കി. കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ തെക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി,ചിക്കമംഗ്ലൂരു, ശിവമോഗ എന്നിവടങ്ങളിൽ റെഡ് അലർട്ടാണ്. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സംസ്ഥാനത്ത് ആകെ മഴക്കെടുതിയില്‍ മരണം 16 ആയിട്ടുണ്ട്.

