ബാക്കു: റഷ്യ- യുക്രൈന്‍ ഏറ്റുമുട്ടലിന്റെ പിന്നാലെ പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളായ അര്‍മേനിയയും അസർബൈജാനും യുദ്ധത്തിലേക്ക്. നാഗോര്‍ണോ-കറബാക്കിന് സമീപത്തെ തര്‍ക്കമേഖലയില്‍ ആധിപത്യം ലക്ഷ്യമിട്ട് അര്‍മേനിയ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി അസർബൈജാന്‍ അവകാശപ്പെട്ടു. ബുധനാഴ്ചയായിരുന്നു ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് അര്‍മേനിയ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി അസർബൈജാന്‍ ആരോപിച്ചു. ഇതോടെ പ്രതിരോധത്തിനു നിര്‍ബന്ധിതരായതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് അസർബൈജാന്‍ ആരോപിച്ചു.അസർബൈജാനില്‍നിന്ന് 1990കളുടെ തുടക്കത്തില്‍ വേര്‍പിരിഞ്ഞ തര്‍ക്കമേഖലയാണിത്.
അര്‍മേനിയയുടെ പിന്തുണയോടെ നടത്തിയ രക്തരൂക്ഷിത വംശീയലഹളയ്ക്കു ശേഷമായിരുന്നു വേര്‍പിരിയല്‍. 2020-ല്‍ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഒരു ഭാഗം അസർബൈജാന്‍ തിരിച്ചുപിടിച്ചു. ഇതിനുശേഷമുണ്ടാക്കിയ വെടിനിര്‍ത്തല്‍ക്കരാര്‍ പ്രകാരം ശേഷിക്കുന്ന തര്‍ക്കമേഖലയുടെ നിയന്ത്രണച്ചുമതല റഷ്യന്‍ സമാധാനസേനയ്ക്കായി. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും മേഖലയ്ക്കായി അര്‍മേനിയയും അസർബൈജാനും പരസ്പരം പോരടിച്ചു.സമീപദിവസങ്ങളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതിനു തുടര്‍ച്ചയായാണ് ബുധനാഴ്ച ഇരുസേനകളും ഏറ്റുമുട്ടിയത്. റഷ്യന്‍ സമാധാനസേനയുടെ നിയന്ത്രണത്തിലുള്ള ഒരു കുന്നിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള അര്‍മേനിയന്‍ ഉദ്യമം പരാജയപ്പെടുത്തിയതായി അസർബൈജാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലില്‍ ആയുധധാരികളായ ഏതാനും വിഘടനവാദികളെ വധിച്ചതായും മന്ത്രാലയം അവകാശപ്പെട്ടു. മേഖലയില്‍ കടന്നുകയറിയ അര്‍മേനിയന്‍ സേന പൂര്‍ണമായും പിന്‍വാങ്ങണമെന്നും അസർബൈജാന്‍ ആവശ്യപ്പെട്ടു. അസർബൈജാനാണു കരാര്‍ ലംഘനം നടത്തി ഏറ്റുമുട്ടല്‍ സ്ഥിതി സംജാതമാക്കിയതെന്നാണ് അര്‍മേനിയയുടെ ആരോപണം. റഷ്യയും അര്‍മേനിയയെ പിന്തുണച്ചു രംഗത്തുണ്ട്. സമാധാനസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അസര്‍െബെജാന്‍ ആക്രമണം നടത്തി. സ്ഥിതി വഷളാക്കുന്ന ആക്രമണോത്സുക പ്രവൃത്തികളില്‍നിന്ന് അസർബൈജാനെ പിന്തിരിപ്പിക്കാന്‍ രാജ്യാന്തരസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അര്‍മേനിയ ചൂണ്ടിക്കാട്ടി.നാഗോര്‍ണോ-കറബാക്കിന്റെ പേരില്‍ 1990 കളിലും 2020 ലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ട്. യുദ്ധത്തില്‍ അര്‍മേനിയയുടെ നിയന്ത്രണത്തിലുള്ള ഏതാനും പ്രദേശങ്ങള്‍ അസർബൈജാന്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് റഷ്യ ഇടപ്പെട്ടാണ് അന്ന് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയത്. നാഗോര്‍ണോ-കറബാക്കിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു യൂറോപ്യന്‍ യൂണിയനും അമേരിക്കയും വ്യക്തമാക്കി. രംഗം കൂടുതല്‍ വഷളാകാതിരിക്കാന്‍ പരസ്പര ബഹുമാനത്തോടെ വെടിനിര്‍ത്തല്‍ക്കരാര്‍ പാലിക്കാന്‍ തയാറാകണമെന്നാണ് രാജ്യാന്തരസമൂഹത്തിന്റെ അഭ്യര്‍ഥന.

