സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഉരുൾപൊട്ടൽ; കൂടുതൽ നാശനഷ്ടം കണ്ണൂരിൽ

കണ്ണൂർ: രണ്ടുദിവസമായി പെയ്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കണ്ണൂരിൽ അതീവ ജാഗ്രത തുടരുന്നു. മലയോര ജില്ലയിൽ 02/08/22 ചൊവ്വാഴ്ച രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ കേളകം, കണ്ണിച്ചാർ, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. മന്ത്രി എംവി ഗോവിന്ദൻ ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 02/08/22 ചൊവ്വാഴ്ച മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയും, ആൾനാശവും ഉണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 03/08/22 ബുധനാഴ്ച അവധിയില്ല.

ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തിൽ മൂന്നിടത്ത് ഉരുൾപൊട്ടി വ്യാപക നാശമുണ്ടായി. പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ പാറകളും മണ്ണും നാല് കിലോമീറ്റർ ദൂരത്തിൽ ഒഴുകിയിറങ്ങി. ചന്ദ്രൻ എന്നയാളുടെ വീട് പൂർണമായി നശിച്ചു. ചന്ദ്രന്റെ മൃതദേഹം രക്ഷാപ്രവർത്തകർ രണ്ടര കിലോമീറ്റർ ദൂരത്ത് നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകൻ അപകടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ടു. രാജേഷ് എന്ന ഓട്ടോ ഡ്രൈവറും, നുമാ തസ്ലീൻ എന്ന രണ്ടര വയസ്സുകാരിയും ഉരുൾ പൊട്ടലിൽ മരിച്ചു. മൂന്നു പേരുടെയും സംസ്കാരം 03/08/22 ബുധനാഴ്ച നടക്കും. നാലിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പോയിൽ ചുരം റോഡ് ഇതുവരെ ഗതാഗതയോഗ്യമാക്കാനായിട്ടില്ല. ചുരം റോഡിൽ നിന്നും അഞ്ചു കിലോമീറ്റർ മുകളിൽ 24 -ാം മൈൽ എന്ന സ്ഥലത്തിൽ ഉരുൾപൊട്ടലിൽ കനത്ത നാശം ഉണ്ടായി. ഇവിടെ മൂന്നിടത്ത് റോഡ് ഇടിഞ്ഞു. രണ്ടു വീടുകൾ പൂർണമായി തകർന്നു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് ആളുകൾ ഇറങ്ങിയോടിയതിനാൽ മാത്രമാണ് അവിടെ ആൾനാശം ഒഴിവായത്.

കണ്ണവം വനഭാഗത്തും കാര്യമായി നാശമുണ്ടായി. 02/08/22 ചൊവ്വാഴ്ച കണ്ണിച്ചാർ പഞ്ചായത്തിലായിരുന്നു കാര്യമായ രക്ഷാപ്രവർത്തനം. 03/08/22 ബുധനാഴ്ച ചുരം ഭാഗത്തേക്കും മറ്റും രക്ഷാപ്രവർത്തനം സജീവമാകും. അതേസമയം ഉരുൾപൊട്ടൽ മേഖലയിലേക്ക് ആളുകളുടെ സന്ദർശനം അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് ഇത്തരം സന്ദർശകർ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് അനാവശ്യമായി ആരെയും ദുരന്ത മേഖലകളിലേക്ക് കടത്തിവിടേണ്ട എന്ന് നിർദേശം പോലീസ് നൽകുന്നത്.

അതിനിടെ കനത്ത മഴയിൽ സംസ്ഥാനത്ത് ഏറ്റവും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടും കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 03/08/22 ബുധനാഴ്ച അവധി പ്രഖ്യാപിക്കാത്തതിൽ വിമർശനം ശക്തമാണ്. 02/08/22 ചൊവ്വാഴ്ച രാത്രി വൈകിയും മാധ്യമ പ്രവർത്തകരെ ബന്ധപ്പെട്ട് അവധിയുടെ കാര്യം ആളുകൾ അന്വേഷിക്കുകയായിരുന്നു. കണ്ണൂർ കളക്ടറുടെ ഫേസ്ബുക്ക് പേജിലും ഇതേ ചൊല്ലി പ്രതിഷേധം ഉണ്ടായി. 03/08/22 ബുധനാഴ്ച അവധിയാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചതും ആശയക്കുഴപ്പത്തിന് കാരണമായി. അതേസമയം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല എന്നാണ് കണ്ണൂർ കളക്ടറേറ്റ് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. 02/08/22 ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിനുശേഷം അവധി നൽകേണ്ടതില്ല എന്ന തീരുമാനമാണ് കളക്ടർ എടുത്തതെന്നാണ് വിവരം.

കഴിഞ്ഞദിവസം കണ്ണൂരിലെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ മാത്രമാണ് അവധി നൽകിയത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് 12 ജില്ലകളിലും 03/08/22 ബുധനാഴ്ച അവധി നൽകിയിരുന്നു. കണ്ണൂരിലും, കാസർകോടും മാത്രമാണ് അവധി നൽകാതിരുന്നത്. കാസർകോട് 03/08/22 ബുധനാഴ്ച ഓറഞ്ച് അലർട്ട് ആണ്.

01/08/22 തിങ്കളാഴ്ച രാത്രി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായ കണിച്ചാർ പൂളക്കുറ്റിയിൽ ജോസ് എന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ചു പുറത്തേക്ക് ഓടിയതിനാലാണ് കുടുംബം രക്ഷപ്പെട്ടത്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും 03/08/22 ബുധനാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ 03/08/22 ബുധനാഴ്ചയും അതീവ ജാഗ്രത തുടരുകയാണ്. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലർട്ടും നിലവിലുണ്ട്. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 03/08/22 ബുധനാഴ്ച അവധി നൽകി. കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →