ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. വെട്ടിക്കുറച്ച ഗോതമ്പിന് പകരം റാഗി, വെള്ള കടല എന്നിവ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി മന്ത്രി അനിൽ പറഞ്ഞു.