പണപ്പെരുപ്പം നേരിടുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: വിലക്കയറ്റം വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനുനേരെ ആഞ്ഞടിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷം. കുതിക്കുന്ന പണപ്പെരുപ്പം നേരിടുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് വ്യവസ്ഥയില്ലാത്ത ചട്ടം 193 പ്രകാരമാണ് ചര്‍ച്ച നടന്നത്.കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കുട്ടികള്‍ക്ക് എഴുതാനുള്ള പെന്‍സിലിനുപോലും ജി.എസ്.ടി. നിരക്ക് ഉയര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബബജറ്റ് ഈ സര്‍ക്കാര്‍ ആകെ താറുമാറാക്കി. 14 മാസമായി രാജ്യത്തെ പണപ്പെരുപ്പത്തോത് ഇരട്ടയക്കത്തിലാണ്. 30 വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴെന്ന് തിവാരി കുറ്റപ്പെടുത്തി.
നോട്ട് പിന്‍വലിക്കല്‍ നടപടിയും ജി.എസ്.ടി.യിലെ അപാകങ്ങളും സാമ്പത്തികരംഗത്തെ തകര്‍ത്തെന്ന് ഡി.എം.കെ. അംഗം കനിമൊഴി ആരോപിച്ചു. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്ന് കനിമൊഴി പറഞ്ഞു. ഇന്ത്യയെക്കാള്‍ വളര്‍ച്ചനിരക്ക് ബംഗ്ലാദേശ് കൈവരിച്ചുകഴിഞ്ഞെന്ന് എന്‍.സി.പി. അംഗം സുപ്രിയ സുലെ പറഞ്ഞു. ഇന്ത്യക്ക് 3.7 ശതമാനവും ബംഗ്ലാദേശിന് എട്ട് ശതമാനവുമാണ് വളര്‍ച്ചനിരക്ക്.

പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്ന് ആര്‍.എസ്.പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഭഷ്യധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയത് സാധാരണജനങ്ങള്‍ക്ക് കടുത്തഭാരമായെന്നും ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്രമായ സാമ്പത്തികനയമാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് മുസ്ലിം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സാധാരണക്കാരുടെ ജീവിതം വിലക്കയറ്റത്താല്‍ ദുരിതത്തിലാണെന്ന് കേരളാ കോണ്‍ഗ്രസ് അംഗം തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്ന് സി.പി.എം. അംഗം എ.എം. ആരിഫ് അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →