ശ്രീറാം വെങ്കിട്ടരാമൻ കലക്ടർസ്ഥാനത്ത് നിന്നും പുറത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനമെങ്ങും അലയടിച്ച പ്രതിഷേധം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കി. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായാണ് വെങ്കിട്ടരാമൻ. പത്രപ്രവർത്തക യൂണിയൻ മുതൽ കേരള മുസ്ലിം ജമാഅത്ത് വരെ സർക്കാർ തീരുമാനത്തിനെതിരെ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കിയത്.

സിവിൽ സർവീസിന്റെ ഭാ​ഗമായ ഉദ്യോ​ഗസ്ഥർക്ക് ഓരോ സമയത്തും ഓരോ ചുമതല നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാൻ 2028വരെ സമയമുണ്ടെന്നിരിക്കെ ധൃതിപ്പെട്ടെടുത്ത തീരുമാനം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. സോഷ്യൽമീഡിയയിലെ ഇടതുപ്രൊഫൈലു കളും തീരുമാനത്തിനെതിരെ രം​ഗത്തെത്തി. പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ 14 ജില്ലകളിലും പ്രതിഷേധ പ്രകടനം നടത്തി.

സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും എതിർപ്പുണ്ടായതോടെ‌യാണ് ശ്രീറാമിനെ മാറ്റാൻ സർക്കാർ നിർബന്ധിതമായത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തു. വിവിധ മുസ്ലീം സംഘടനകൾ ചേർന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസർകോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പി വി അൻവർ എംഎൽഎ, കാരാട്ട് റസാഖ് എന്നിവർ അടക്കം മലബാറിലെ ഇടതുനേതാക്കളും നിയമനത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചു. ശ്രീറാമിനെതിരെ സിപിഎം നേതാവ് എംഎം മണി നേരത്തെ നടത്തിയ പ്രസ്താവനകൾ പ്രതിപക്ഷമടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീറാമിനെ സ്ഥാനത്ത് നിലനിർത്തുന്നത് ധാർമികമായി ശരിയല്ലെന്ന് അഭിപ്രായം ശക്തമായതോടെയാണ് മാറ്റാൻ തീരുമാനിച്ചത്.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സർക്കാർ മാറ്റിയതും.2022 ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി ലഭിച്ചിരുന്നു. ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ നടപടിയെ സ്വാ​ഗതം ചെയ്ത് വിവിധ സംഘടനകൾ രം​ഗത്തെത്തുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →