വൃക്ഷസമൃദ്ധി പദ്ധതി; വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ നട്ടത് 6,353 വൃക്ഷത്തൈകൾ

വനേതര മേഖലകളിലെ വനവൽക്കരണം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ വൃക്ഷസമൃദ്ധി പദ്ധതിയെ സമൃദ്ധമാക്കി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്. വനം – ത‍ദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി  നടപ്പാക്കുന്ന പരിപാടിയിൽ 6,353 വൃക്ഷത്തൈകളാണ്  ബ്ലോക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിലായി ഇതിനോടകം നട്ടുപിടിപ്പിച്ചത്.  പദ്ധതിയുടെ ഭാഗമായി 12,000 വൃക്ഷത്തൈകൾ നട്ടു വളർത്താനാണ് ബ്ലോക്ക്‌ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ബ്ലോക്കിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലായി 1.39 ഹെക്ടർ സ്ഥലത്താണ് ഇതുവരെ വൃക്ഷത്തൈകൾ നട്ടത്. തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകളുടെ നടീലും തുടർന്നുള്ള പരിപാലനമുൾപ്പടെയുള്ള പ്രവർത്തനങ്ങളും ചെയ്യുന്നത്. ഇതുവരെ 6,353 തൈകൾ നട്ടുപിടിപ്പിച്ചു. 5,647 തൈകൾ കൂടി നട്ട് പദ്ധതിയെ കൂടുതൽ പ്രദേശങ്ങളിലേക്ക്  വ്യാപിപ്പിക്കാനുള്ള നടപടികളാണ് തുടരുന്നത്.

തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിലാണ് വൃക്ഷസമൃദ്ധിയുടെ ഭാഗമായി ഏറ്റവുമധികം തൈകൾ നട്ടത്. 5000 തൈകൾ നടാൻ ലക്ഷ്യമിടുന്ന പഞ്ചായത്തിൽ 3650 എണ്ണം ഇതിനോടകം പൂർത്തിയാക്കി. രണ്ടാം സ്ഥാനത്തുള്ള മഴുവന്നൂരിൽ 1126 തൈകളാണ് നട്ടത്. കുന്നത്തുനാട് പഞ്ചായത്തിൽ 650 തൈകളും, ഐക്കരനാട് പഞ്ചായത്തിൽ 420 തൈകളും നട്ടപ്പോൾ പൂത്തൃക്കയിൽ 320 എണ്ണവും വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ 187 എണ്ണവുമാണ് ഇതുവരെ നട്ടത്.

വനേതര പ്രദേശങ്ങളിലെ വനവൽക്കരണം സാധ്യമാക്കുക എന്നതിന് പുറമേ കാർബൺ സ്വാംശീകരണത്തോത് 50 ശതമാനമാക്കുക, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ ലഘൂകരണം, വൃക്ഷത്തൈ ഉത്പാദനത്തിന് തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കുക, വൃക്ഷത്തൈകളുടെ അതിജീവനം ഉറപ്പാക്കുക, പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും വൃക്ഷസമൃദ്ധിക്കുണ്ട്. വനം വകുപ്പാണ് പദ്ധതിക്ക് ആവശ്യമായ തൈകൾ നൽകുന്നത്.

വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ 2,88,600 തൈകൾ നട്ട് വളർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന പ്രവർത്തി തൊഴിലുറപ്പ് പദ്ധതി വഴിയാക്കിയതോടെ ഗ്രാമീണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി എന്നതും നേട്ടമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →