എസ് എം എ രോഗബാധിതയായിരുന്ന കണ്ണൂർ മാട്ടൂരിലെ അഫ്ര അന്തരിച്ചു

കണ്ണൂർ: എസ്എംഎ രോഗബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 01/08/22 തിങ്കളാഴ്ച ഉച്ചയ്ക്ക് മാട്ടൂൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ ബാധിതനാണ്. സഹോദരന് വേണ്ടിയുള്ള അഫ്രയുടെ അഭ്യർത്ഥന ഏറെ ശ്രദ്ധ നേടിയിരുന്നു. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് അഫ്ര വീൽ ചെയറിൽ ആയത്.

ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന സോൾജെൻസ്മ എന്ന മരുന്നിനേ മുഹമ്മദിനെ രക്ഷിക്കാൻ ആകൂ എന്ന് കേട്ടപ്പോൾ ആദ്യം നാടൊന്ന് പകച്ചു. എന്നാൽ അഫ്രയുടെ വാക്കുകേട്ട് സഹോദരനെ രക്ഷിക്കാൻ നാട് ഒന്നിച്ചപ്പോൾ സഹായമായി ഒഴുകിയത് 46 കോടി രൂപ. 2021 ഓഗസ്റ്റ് 24നാണ് സഹോദരൻ മുഹമ്മദിന് 18 കോടി രൂപയുടെ മരുന്ന് കുത്തിവെച്ചത്. ഇപ്പോൾ സ്ഥിരമായി ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. മുഹമ്മദ് സുഖം പ്രാപിച്ചു വരുന്നതായാണ് ബന്ധുക്കളും ചികിത്സിക്കുന്ന ഡോക്ടർമാരും പറയുന്നത്. അഫ്രക്കും എസ്എംഎ ചികിത്സ ഉണ്ടായിരുന്നു. കുറച്ചുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 31/07/22 ഞായറാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 01/08/22 തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചു. മകൾ ആശുപത്രിയിൽ ആയതോടെ വിദേശത്തേക്ക് ജോലിക്ക് പോയിരുന്ന അഫ്രയുടെ പിതാവ് റഫീഖ് നാട്ടിലെത്തിയിരുന്നു. മറിയുമ്മയാണ് അഫ്രയുടെ മാതാവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →