മംഗളൂരു: സൂറത്കലിലെ ഫാസിലിന്റെ കൊലപാതകത്തിൽ തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരായ 21 പേർ കസ്റ്റഡിയിൽ. മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ 2022 ജൂലൈ 29 വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത് .അതേസമയം യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിലെ അന്വേഷണ റിപ്പോർട്ട് പൊലീസ് ഉടൻ എൻഐഎക്ക് കൈമാറും. പോപ്പുലർഫ്രണ്ട് , എസ്ഡിപിഐ നിരോധന ആവശ്യം സംഘപരിവാർ സംഘടനകൾ ശക്തമാക്കി. എൻഐഎക്ക് കൈമാറും.
യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ ആസൂത്രിത കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ. യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറിൻറെ കൊലപാതകത്തിൽ എൻഐഎ ഉടൻ അന്വേഷണം ആരംഭിക്കും. കേരള ബന്ധം അടക്കം പൊലീസ് അന്വേഷിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേർ അറസ്റ്റിലായിരുന്നു.
എസ്ഡിപിഐ, പിഎഫ്ഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. സംഘപരിവാർ യുവജനസംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. എസ്ഡിപിഐ-ക്ക് എതിരെ കർണാടക കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ബിജെപി എംപിമാരും എസ്ഡിപിഐ നിരോധനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. അതേസമയം തുടർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണകന്നഡയിൽ നിരോധനാജ്ഞ തുടരുകയാണ്. കമ്മീഷ്ണറുടെ നേതൃത്വത്തിൽ മത രാഷ്ട്രീയ സംഘടനകളുടെ സമാധാന യോഗം മംഗ്ലൂരുവിൽ ചേർന്നു