സംസ്ഥാന സിവിൽസപ്ലൈസ് വകുപ്പിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃക : മന്ത്രി ജി.ആർ അനിൽ

തൈക്കൂടത്ത്  സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ. വില വർധനയുടെ കാഠിന്യം ജനങ്ങളെ ബാധിക്കാതിരിക്കാൻ വിപണിയിൽ ഇത്രയധികം ഇടപെടുന്ന മറ്റൊരു സംസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം തൈക്കൂടത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ച സപ്ലൈക്കോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

വിവിധ സംസ്ഥാനങ്ങളിലെ  ഭക്ഷ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങളിൽ നിന്ന് മനസിലാകുന്നത് മറ്റ് സംസ്ഥാനങ്ങളൊന്നും ഇത്തരമൊരു ഇടപെടൽ ചിന്തിച്ചിട്ടു പോലുമില്ല എന്നാണ്. പൊതുവിതരണ ശ്യംഖല വഴി വിതരണം ചെയ്യുന്ന പതിമൂന്ന് നിത്യോപയോഗ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് 2016ലെ വിലയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇത് മാർക്കറ്റ് വിലയേക്കാൾ 15 മുതൽ 30 ശതമാനം വരെ കുറവാണ്.

ബി.പി.എൽ കാർഡ് ഉടമകൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് 50 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ വാങ്ങാൻ കഴിയും. സബ്സിഡി നിരക്കിൽ  ഉത്പ്പന്നങ്ങൾ നൽകുന്നത് മൂലം സർക്കാരിനുണ്ടാകുന്ന ബാധ്യത കുറയ്ക്കുന്നതിനാണ് സപ്ലൈകോ ഔട്ട്ലറ്റുകൾ വഴി മറ്റ് സാധനങ്ങളും ന്യായവിലക്ക് നൽകുന്നതെന്നും അദ്ദേഹം  പറഞ്ഞു. 

കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഓണക്കാലത്ത്  ടാർഗറ്റ് അടിസ്ഥാനത്തിൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തണമെന്നും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു.

തൈക്കൂടം ചർച്ച് റോഡിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എം.എൽ.എ വിശിഷ്ടാതിഥിയായി. സപ്ലൈക്കോ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീവ് പട്ജോഷി, സപ്ലൈക്കോ ജനറൽ മാനേജർ ബി. അശോകൻ, കൊച്ചി നഗരസഭ കൗൺസിലർ മേഴ്സി ടീച്ചർ, സപ്ലൈകോ എറണാകുളം മേഖല മനേജർ വി.പി ലീലാ കൃഷ്ണൻ, പൊതു പ്രവർത്തകരായ എ.ജി ഉദയകുമാർ, ഷിബു ആന്റണി, തൈക്കൂടം സൗത്ത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്  സേവ്യർ പി. ആന്റണി, തൈക്കൂടം സെൻട്രൽ  റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ പയ്യപ്പിള്ളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →