സുൽത്താൻ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സഞ്ചാരികൾക്ക് കാനന യാത്ര ചെയ്യാൻ വനം വകുപ്പ് സ്വന്തമായി രണ്ടു ബസുകൾ വാങ്ങി. ഒരു മാസത്തോളമായി ബസുകൾ വന്യജീവി സങ്കേതം ഓഫീസിനു മുന്നിൽ വിശ്രമത്തിലാണ്. രണ്ടാഴ്ചക്കുള്ളിൽ സർവീസ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വർഷങ്ങളായി കാനന യാത്ര സർവിസ് നടത്തുന്ന ടാക്സി ജീപ്പുകാർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ തടസവാദം ഉന്നയിച്ചതാണ് ബസുകളുടെ സർവീസ് വൈകാൻ കാരണം.
50 ലക്ഷത്തോളം മുടക്കിയാണ് ബസുകൾ വാങ്ങിയത്. ഇത് സർവിസ് തുടങ്ങിയാൽ കാനന യാത്ര സഞ്ചാരികൾക്ക് കൂടുതൽ സുഗമവും രസകരവുമാകും. 24 യാത്രക്കാർക്ക് ഒരു ബസിൽ യാത്ര ചെയ്യാം. കാനന ഭംഗി നന്നായി ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് ബസിൻറെ നിർമാണം. മൃഗങ്ങൾക്ക് അലോരസമുണ്ടാക്കുന്ന രീതിയിലുള്ള ശബ്ദവും ഉണ്ടാകില്ല.
നിലവിൽ ദിവസവും 450 ഓളം സഞ്ചാരികളാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ കാനനഭംഗി ആസ്വദിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലും. രാവിലെ 40 ട്രിപ്പുകളും വൈകുന്നേരം 20 ട്രിപ്പുകളും എന്ന നിലയിലാണ് ജീപ്പ് സർവീസ്. ഒരു ജീപ്പിൽ ഏഴു സഞ്ചാരികളെയാണ് ഉൾപ്പെടുത്തുന്നത്. വനത്തിനുള്ളിലൂടെ 11 കിലോമീറ്ററും ദേശീയ പാതയിലൂടെ ആറ് കിലോമീറ്ററുമാണ് സഞ്ചരിക്കാവുന്നത്. ഒരു മണിക്കൂർ യാത്രക്ക് ഒരു ജീപ്പ് ഈടാക്കുന്നത് 800 രൂപയാണ്. ഇത് കൂടാതെ ഒരു യാത്രക്കാരനിൽ നിന്ന് 160 രൂപ വനം വകുപ്പും ഈടാക്കുന്നുണ്ട്.
ബസിന്റെ ചാർജ് ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരാൾക്ക് വനം വകുപ്പ് ഫീസ് അടക്കം 300 രൂപയോളം മാത്രമേ ചെലവ് വരു എന്നാണ് വന്യജീവി സങ്കേതം അധികൃതർ നൽകുന്ന സൂചന. ജീപ്പുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ചാരികൾക്ക് ബസാണ് ലാഭം. ജീപ്പുകാരുമായി വനം വകുപ്പ് ഇതിനോടകം മൂന്നുവട്ടം ചർച്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിച്ച് അടുത്ത രണ്ടാഴ്ചക്കുള്ളിൽ ബസ് സർവിസ് തുടങ്ങാനുള്ള ശ്രമമാണ് മുത്തങ്ങ വന്യജീവി സങ്കേതം അധികൃതർ നടത്തുന്നത്.
ബസ് സർവീസ് തുടങ്ങുന്നതോടെ തൊഴിൽ നഷ്ടമാകുന്ന ജീപ്പ് ഡ്രൈവർമാർക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മുത്തങ്ങ വൈൽഡ് ലൈഫ് വാർഡൻ സുനിൽകുമാർ പറഞ്ഞു. അതിന് യോഗ്യരായ ഡ്രൈവർമാരെ കണ്ടെത്തും. അതിനായി താൽക്കാലിക ഡ്രൈവർമാരുടെ ഒരു പാനൽ തയ്യാറാക്കേണ്ട സാഹചര്യവുമുണ്ട്. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു