മംഗ്ലൂരു : മംഗലൂരുവിൽ ഫാസിൽ എന്ന യുവാവിനെ കടയുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ്.അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഫാസിലിന്റെ സംസ്കാരം ജൂലൈ 29 ന് സൂറത്കലിൽ നടക്കും. സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിലെ നിരോധനാജ്ഞ ഇന്നും തുടരും. കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചു. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്.
യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കൽ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
രണ്ട് ദിവസം മുമ്പ് വെട്ടേറ്റ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറഞ്ഞു. പ്രവീൺ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ അന്വേഷണം കേരളത്തിലേക്കും നീങ്ങുകയാണ്