പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പനും കൂറുമാറി. അട്ടപ്പാടിയിലെ വനം വാച്ചറാണ് കാളി മൂപ്പൻ. കേസിൽ ഇതോടെ കൂറു മാറിയവരുടെ എണ്ണം 8 ആയി. പതിനേഴാം സാക്ഷി ജോളിയും കൂറു മാറിയിരുന്നു. രഹസ്യമൊഴി പോലീസുകാർ നിർബന്ധിച്ചപ്പോൾ നൽകിയതാണെന്ന് ജോളി തിരുത്തുകയായിരുന്നു. പിന്നാലെ ജോളിയെ പിരിച്ചുവിട്ടിരുന്നു.
കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ പത്തു മുതൽ പതിനേഴ് വരെയുള്ള രഹസ്യ മൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ 13ാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. ഏഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു. കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ നേരത്തെ കോടതി ഉത്തരവ് ഉണ്ടായിരുന്നു.
പാലക്കാട് ജില്ലാ ജഡ്ജി ചെയർമാൻ ആയിട്ടുള്ള കമ്മിറ്റിയുടെതായിരുന്നു ഉത്തരവ്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നത്. മധുവിന്റെ അമ്മ മല്ലിക്കും, സഹോദരി സരസുവിനും സംരക്ഷണം നൽകാനും കോടതി നിർദേശിച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

