നിശബ്ദവും സൗമ്യവുമായ കഠിന പ്രയത്നം, ആ പ്രയത്നത്തിന്റെ ഫലമായുള്ള വിജയം, ആ വിജയത്തെ തന്റെ ശബ്ദമാക്കുക… സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ പ്രവര്‍ത്തനശൈലിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഏതു വിഷയത്തെയും ആഴത്തില്‍ പഠിച്ച ശേഷം സമീപിക്കുന്ന രീതിയായിരുന്നു ജാഫര്‍ മാലിക്കിന്റേത്. അതുകൊണ്ടുതന്നെ കൃത്യതയും പിഴവില്ലാത്ത ആസൂത്രണവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയായി.
വികസന പദ്ധതികളില്‍ കാര്യക്ഷമമായ ഇടപെടല്‍, പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കല്‍, കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലുകളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം – 2021 ജൂലൈ 12 ന് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജാഫര്‍ മാലിക് ജില്ലയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളായിരുന്നു ഇവ. ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കി ജില്ലയുടെ ഭരണസാരഥ്യത്തില്‍ നിന്ന് അദ്ദേഹം പടിയിറങ്ങുമ്പോള്‍ തുടക്കത്തില്‍ പറഞ്ഞ വാക്കുകളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നതായിരുന്നു പ്രവര്‍ത്തനം.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും തടസം നില്‍ക്കുന്ന ഭൂമിയേറ്റെടുക്കല്‍ പ്രക്രിയയും നഷ്ടപരിഹാര വിതരണവും റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന അപൂര്‍വ്വനേട്ടം ജില്ലാ ഭരണകൂടത്തിന് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദേശീയപാത 66നു വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാര വിതരണവും വെറും ഒന്നര വര്‍ഷത്തിനുള്ളിലാണ് ജാഫര്‍ മാലിക്കിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായത്. വില്ലേജ്, താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണ്ണായക ഇടപടലുകള്‍ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
പട്ടയവിതരണം, ഫയല്‍ അദാലത്ത്, ചെല്ലാനം കടല്‍ഭിത്തി നിര്‍മ്മാണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മൂന്നാം ഘട്ടം, ഓപ്പറേഷന്‍ വാഹിനി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയവും കാര്യക്ഷമവുമായ ഇടപെടല്‍ നടത്തിയാണ് ജാഫര്‍ മാലിക് സ്ഥാനമൊഴിയുന്നത്.
ഭൂമിയേറ്റെടുക്കലില്‍ മാതൃകയായി ജില്ല
ജില്ലയിലെ ദേശീയപാത 66 വികസനം യഥാര്‍ത്ഥ്യമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയാക്കിയെന്ന അപൂര്‍വ്വ ഭരണ മികവിന് ജില്ല സാക്ഷിയായി. ഈ ദൗത്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പില്‍ നിന്ന പറവൂര്‍ ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ഓഫീസിലെ 63 റവന്യൂ- സര്‍വ്വെ ഉദ്യോഗസ്ഥരെ അദ്ദേഹം സദ് സേവന പുരസ്‌ക്കാരവും, പ്രശംസാപത്രവും നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തു തന്നെ ഭൂമി ഏറ്റെടുക്കലില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞു.
1401 കോടി രൂപയാണ് നഷ്ടപരിഹാര വിതരണത്തിനായി അനുവദിക്കപ്പെട്ടത്. നഷ്ടപരിഹാര വിതരണം സംസ്ഥാനത്ത് തന്നെ ഏറ്റവും വേഗതയില്‍ പൂര്‍ത്തികരിക്കപ്പെട്ട ജില്ലയാണ് എറണാകുളം. അനുവദിച്ച പണം പൂര്‍ണ്ണമായും വിതരണം ചെയ്ത ഏക ജില്ലയും എറണാകുളമാണ്. ജില്ലയില്‍ ഭൂമി ഏറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനം 2020ലും അന്തിമ വിജ്ഞാപനം 2021ലും മാത്രമാണ് ഇറങ്ങിയത്. കേവലം ഒന്നര വര്‍ഷം കൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും പൂര്‍ത്തീകരിച്ചത്.
കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് രേഖകളുടെ വിചാരണയും ഫീല്‍ഡ്തല ജോലികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചു. കഴിഞ്ഞ മൂന്നു മാസക്കാലയളവിലാണ് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചത്. 1882 പേര്‍ക്ക് ഇക്കാലയളവില്‍ 889 കോടി രൂപ നഷ്ടപരിഹാരമായും പുനരധിവാസ ധനസഹായവുമായി വിതരണം ചെയ്തു. പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി, ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി, വ്യക്തമായ ഇടവേളകളില്‍ വിലയിരുത്തലുകള്‍ നടത്തി, മുഴുവന്‍ പ്രവൃത്തികളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മുഴുവന്‍ ഉദ്യോഗസ്ഥരും കാഴ്ചവച്ചത്. നിലവിലെ ഉദ്യോഗസ്ഥരെ കൂടാതെ വിരമിച്ച ഉദ്യോഗസ്ഥരും, ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരും ഈ തീവ്രയജ്ഞത്തിന്റെ ഭാഗമായി. വനിതാ ജീവനക്കാരടക്കം അവധി ദിവസങ്ങളിലുള്‍പ്പടെ അധികസമയം സ്വമേധയാ ജോലി ചെയ്താണ് അസാധ്യമെന്ന് കരുതിയ ഈ പദ്ധതി റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
കൊച്ചി മെട്രോ റെയില്‍ രണ്ടാംഘട്ടം ഭൂമി എറ്റെടുക്കല്‍, കൊച്ചി വാട്ടര്‍ മെട്രോ ജെട്ടികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ എന്നിവയും ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി.
ലക്ഷ്യം കടന്ന് ഫയല്‍ തീര്‍പ്പാക്കൽ
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി അവധിദിനത്തിലെ ഫയല്‍ തീര്‍പ്പാക്കലില്‍ ലക്ഷ്യം കടന്ന പ്രവര്‍ത്തനമാണ് ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ല കാഴ്ചവച്ചത്. വിവിധ വകുപ്പുകളിലായി 16000 ഫയലുകള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് തീര്‍പ്പാക്കിയത് 24225 ഫയലുകളാണ്. റവന്യൂ വകുപ്പില്‍ മാത്രം 8911 ഫയലുകളിലാണ് ഒരു ദിവസത്തിനുള്ളില്‍ തീരുമാനമായത്. ഇതില്‍ 3890 ഫയലുകള്‍ കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലേതാണ്. 2500 ഫയലുകള്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ട തദ്ദേശ സ്വയം ഭരണ വകുപ്പിലെ 7525 ഫയലുകള്‍ തീര്‍പ്പായി.
കളക്ടറേറ്റ് അടക്കമുള്ള ജില്ലാതല ഓഫീസുകള്‍ മുതല്‍ താഴെത്തലത്തില്‍ വില്ലേജ് ഓഫീസുകളും ഗ്രാമപഞ്ചായത്തുകളും കൃഷിഭവനുകളും അടക്കം വിവിധ വകുപ്പുകളുടെ എല്ലാ തലങ്ങളിലും ഫയല്‍ തീര്‍പ്പാക്കലിനായി ജീവനക്കാര്‍ ഹാജരായി. കൃത്യമായ ആസൂത്രണത്തോടെയും നിരീക്ഷണത്തോടെയുമാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഫയല്‍ തീര്‍പ്പാക്കല്‍ നടപ്പാക്കിയത്.
പരാതിരഹിതം ഉപതിരഞ്ഞെടുപ്പ്
ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് തീര്‍ത്തും കുറ്റമറ്റ രീതിയിലാണ് നടന്നത്. കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ കെട്ടുറപ്പോടെയും ഏകോപനത്തോടെയും നടത്തിയ ഒരു മാസത്തോളം നീണ്ട വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് മികച്ചരീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസമാപ്തിയില്‍ എത്തിക്കാന്‍ സഹായകമായത്. പഴുതടച്ച തിരഞ്ഞെടുപ്പ് നടത്തുന്നതിനായി തൃക്കാക്കരയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യവുമൊരുക്കിയിരുന്നു. കൂടാതെ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കിയാണ് ബൂത്തുകള്‍ ഒരുക്കിയത്. പൂര്‍ണമായും ഹരിത മാതൃക അവലംബിച്ച് തയാറാക്കിയ മാതൃകാ ബൂത്തുകളില്‍ ഇരിപ്പിടം, അടിസ്ഥാനസൗകര്യം, കൈവരി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടല്‍ മുറി തുടങ്ങിയവ സജ്ജീകരിച്ചിരുന്നു. വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന വനിത പോളിങ് സ്റ്റേഷനും മണ്ഡലത്തില്‍ ഒരുക്കി. ഉപതിരഞ്ഞെടുപ്പ് സമാധാനപരവും സുരക്ഷിതവുമാക്കുന്നതിന് ആയിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചത്. പ്രായമായവരേയും ഭിന്നശേഷിക്കാരേയും സഹായിക്കുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളേയും നിയോഗിച്ചിരുന്നു.
മെഡിക്കൽ കോളേജിന് പ്രത്യേക പിന്തുണ
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിലും ജാഫർ മാലിക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ആശുപത്രിയുടെ വികസന സമിതി യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. കളമശേരി മെഡിക്കല്‍ കോളേജില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘മദദ് ഫണ്ട്’പദ്ധതിക്ക് രൂപം നല്‍കിയത് അടുത്തിടെയാണ്. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി തീരുമാനമായത്. മെഡിക്കല്‍ കോളേജില്‍ അടുത്ത ഒരു വര്‍ഷത്തിനുളളില്‍ നടപ്പാക്കുന്ന സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് ജാഫര്‍ മാലിക് ഔദ്യോഗിക പദവി ഒഴിയുന്നത്.
ഇ-ഓഫീസിലേക്ക് ചുവടുവച്ച്
ഇ-ഓഫീസ് സംവിധാനം ജില്ലയില്‍ വിജയകരമായി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ഇതിനു തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും നിര്‍ദേശിച്ചു. ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതോടെ ഓഫീസുകളുടെ സ്ഥല സൗകര്യങ്ങളും ഫയലുകളുടെ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടും. ഈ സംവിധാനം മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കകം ഫയലുകളെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വിലയിരുത്താനും ഫയല്‍ അദാലത്ത് ഉള്‍പ്പടെ എളുപ്പത്തില്‍ നടത്താനും സാധിക്കും.
കൊച്ചിക്കായി ഒപ്പം നിന്ന്
കൊച്ചിയുടെ സവിശേഷമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ക്ക് ക്രിയാത്മക ഇടപെടലുകള്‍ നടത്താനും കളക്ടര്‍ക്ക് കഴിഞ്ഞു. ആധുനികതയിലേക്കുള്ള കൊച്ചിയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ പ്രയാണത്തിന് സാക്ഷിയായ പഴയ വെണ്ടുരുത്തിപ്പാലം നഗരത്തിന്റെ വിനോദ, ലഘു വ്യാപാര കേന്ദ്രമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ടൂറിസം മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനാഭിപ്രായം ക്ഷണിക്കുകയും ഭാവി പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തു.
കൂടാതെ, മഹാരാജാസ് കോളേജിലെ പുതിയ സിന്തറ്റിക് ട്രാക്ക് 2023 നവംബറോടെ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം ചുക്കാന്‍ പിടിച്ചു. ഗ്രൗണ്ടിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. അന്താരാഷ്ട്ര നിലവാരത്തില്‍ ഹോക്കി ഗ്രൗണ്ട് പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നു.
വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ സജീവമായ പിന്തുണയാണ് ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നത്. വിശാലകൊച്ചി മേഖലയിലെ വികസന പദ്ധതികളുടെ നടത്തിപ്പിലും അദ്ദേഹം മുന്നില്‍ നിന്നു. ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും കൊച്ചി നഗരസഭയും ജി.സി.ഡി.എയും ഒത്തൊരുമിച്ച് കൊച്ചി സ്മാര്‍ട് മിഷന്‍, കൊച്ചി മെട്രോ റെയില്‍ എന്നീ ഏജന്‍സികളുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു.
പിഴവില്ലാതെ ദുരന്ത നിവാരണം
കഴിഞ്ഞ വര്‍ഷം കനത്ത മഴയെ തുടര്‍ന്ന് പ്രളയസാധ്യത മുന്നില്‍ക്കണ്ട് പിഴവില്ലാത്ത ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജാഫര്‍ മാലിക് നേതൃത്വം നല്‍കിയത്. യഥാസമയം ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിലും ജലനിരപ്പ് നിരീക്ഷിക്കുന്നതിലും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രവര്‍ത്തനം. ഈ വര്‍ഷം കോതമംഗലത്ത് കനത്ത കാറ്റിലും മഴയിലും ദുരിതത്തിലായവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിനും അദ്ദേഹം നടപടി സ്വീകരിച്ചു. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിത ബാധിതര്‍ക്ക് ആശ്വാസമേകി.
നീതിപൂര്‍വ്വം പട്ടയ വിതരണം
ജനിക്കുകയും ജീവിക്കുകയും ചെയ്ത മണ്ണിന്റെ അവകാശത്തിനായുള്ള കാത്തിരിപ്പ് ഏറെ വേദനാജനകമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു കളക്ടറുടെ ഇടപെടല്‍. നിയമത്തിന്റെയും നിലവിലുള്ള ചട്ടങ്ങളുടെയും പരിമിതികള്‍ക്കുള്ളിലും പട്ടയ അപേക്ഷകര്‍ക്ക് നീതി ലഭ്യമാക്കാനുള്ള വലിയ പരിശ്രമമാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് നടത്തിയത്. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പട്ടയ മേളയില്‍ കഴിഞ്ഞ വര്‍ഷം 530 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി. ഈ വര്‍ഷം 2447 പട്ടയങ്ങള്‍ മേയില്‍ വിതരണത്തിന് തയ്യാറാക്കിയെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാല്‍ നല്‍കാന്‍ കഴിഞ്ഞില്ല. അവ ഉടന്‍ വിതരണം ചെയ്യും. കുട്ടമ്പുഴയില്‍ മാത്രം വിതരണത്തിന് 500 പട്ടയങ്ങള്‍ തയ്യാറാക്കിയാണ് കളക്ടര്‍ ചുമതലയൊഴിയുന്നത്.
വികസന സ്വപ്നങ്ങള്‍ക്കൊപ്പം
സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അദ്ദേഹം നടപടി സ്വീകരിച്ചു. ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന റവന്യൂ റിക്കവറി നടപടികള്‍ ശക്തമാക്കാനും തീവ്ര റവന്യു റിക്കവറി യജ്ഞം ജില്ലയില്‍ നടത്താനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. വായ്പാ കുടിശികകള്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി
സിവിൽ സ്റ്റേഷന് പുതുമോടി
ഐ ടി നഗരത്തിന്റെ പ്രതിഛായക്ക് ഒപ്പം നില്‍ക്കുന്ന വിധത്തില്‍ നവീകരിക്കപ്പെടുകയാണ് ജില്ലാ ഭരണകേന്ദ്രം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച കെട്ടിടം പെയിന്റിംഗിന്റെ അന്തിമ ഘട്ടത്തിലാണ്. കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണവും ഇക്കാലയളവില്‍ പൂര്‍ത്തിയായി. മനോഹരമായ പൂന്തോട്ടവും സജ്ജമാക്കി.
അതിഥി ദേവോ ഭവ:
അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസും കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകജാലക സംവിധാനം ആരംഭിക്കുന്നത്. കൂടാതെ മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റോഷ്നി പദ്ധതി മികച്ച രീതിയില്‍ മുന്നേറുകയാണ്. അഞ്ച് വര്‍ഷം പിന്നിട്ട പദ്ധതി പരിഷ്‌കാരങ്ങളോടെ, ആറാം വര്‍ഷവും നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനുള്ള പ്രത്യുഷ പദ്ധതിയും വന്‍ വിജയമായി. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായും കളക്ടര്‍ ഇടപെട്ടു. തൃക്കാക്കര ഗവ എല്‍.പി സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊരുക്കിയ ഭക്ഷണം അവര്‍ക്കൊപ്പം കഴിച്ചാണ് അദ്ദേഹം ഗുണമേന്മ പരിശോധിച്ചത്. യു.പി.എസ്.സി പരീക്ഷാ നടത്തിപ്പിലും കാര്യക്ഷമമായി ഇടപെട്ടു.
ഓപ്പറേഷന്‍ ഫുട്പാത്ത്
കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ട്രീറ്റ് വെന്‍ഡേഴ്സ് ആക്ട് നടപ്പാക്കാന്‍ ശക്തമായ ഇടപെടലുകളാണ് കളക്ടര്‍ നടത്തിയത്. വഴിയോര കച്ചവടക്കാരെ നിരീക്ഷിക്കുന്നതിനും പരിശോധനകള്‍ക്കുമായി സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
ഭൂമി തരംമാറ്റം
ഫോര്‍ട്ട്കൊച്ചി റവന്യൂ സബ് ഡിവിഷനിലെ ഭൂമി സംബന്ധമായ ഫയലുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. ചട്ടലംഘനമില്ലാത്ത എല്ലാ ഫയലുകളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം തീര്‍പ്പാക്കി. മറ്റുള്ളവയില്‍ അപാകത പരിഹരിച്ച് രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു.
കേരള ഭൂവിനിയോഗ ഉത്തരവ് 1967 ല്‍ നിലവില്‍ വന്നതിന് മുമ്പ് പരിവര്‍ത്തനം ചെയ്യപ്പെട്ടതും ഡാറ്റബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമി അടിസ്ഥാന നികുതി രജിസ്റ്ററില്‍ – ബിടിആറില്‍, നിലവിലുള്ള സ്ഥിതിയില്‍ രേഖപ്പെടുത്തുന്നതിനായി ഫോറം 9 ല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. 2019, 2020 കാലയളവില്‍ ഫോര്‍ട്ട്‌കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ക്കു പുറമെ പുതിയ അപേക്ഷകളും പരിഗണിച്ചു.
ഭൂമിയുടെ ന്യായവില സംബന്ധിച്ച് അങ്കമാലി വില്ലേജില്‍ നടത്തിയ രണ്ടു അദാലത്തുകളിലായി 250 പരാതികള്‍ പരിഹരിച്ചു.
റവന്യൂ പുരസ്‌കാരങ്ങളില്‍ തലയെടുപ്പോടെ
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സംസ്ഥാന റവന്യൂ പുരസ്‌കാരങ്ങളില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ എറണാകുളം കൈവരിച്ചത്. ഏറ്റവും മികച്ച താലൂക്കായി കണയന്നൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച ഹസാഡ് അനലിസ്റ്റിനുള്ള പുരസ്‌കാരവും ജില്ലയിലെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിനായിരുന്നു. സംസ്ഥാനത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നു തഹസില്‍ദാര്‍മാരില്‍ രണ്ടു പേര്‍ ജില്ലയില്‍ നിന്നായിരുന്നു. റവന്യൂ വകുപ്പിന്റെ പിഴവില്ലാത്ത പ്രവര്‍ത്തനമികവിന്റെ നേര്‍സാക്ഷ്യമായി തലയെടുപ്പോടെ നിലകൊള്ളാനും ജില്ലയ്ക്ക് കഴിഞ്ഞു.
ശുചിത്വ പദവിയില്‍ ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും
ജില്ലയിലെ 43 പഞ്ചായത്തുകളും 9 നഗരസഭകളും സമഗ്ര ശുചിത്വ പദവി നേടിയത് ജാഫര്‍ മാലിക്കിന്റെ ഭരണകാലത്താണ്. ജില്ലയിലെ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നേറിയത്. ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍കൂടി ഈ പദവിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
വാക്സിനേഷന്‍ നൂറില്‍ നൂറ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനും മികവോടെ മുന്നോട്ടു പോയതോടെ ഒന്നും രണ്ടും ഘട്ട വാക്സിനേഷനുകളില്‍ ജില്ല പൂര്‍ണത കൈവരിച്ചു. മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും വാക്സിന്‍ നല്‍കി ഗസ്റ്റ് വാക്സില്‍ ആദ്യ ഡോസ് 100 ശതമാനം കൈവരിക്കുന്ന ആദ്യ ജില്ലയായി എറണാകുളം. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തും പ്രത്യേക ഔട്ട് റീച്ച് സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയത്. സന്നദ്ധ പ്രവര്‍ത്തകരും സഹകരിച്ചു.
18 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനമായി, 18 വയസിനു മുകളിലുള്ള 90 ശതമാനം പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനേഷനും പൂര്‍ത്തിയാക്കി. 15 മുതല്‍ 17 വയസു വരെയുള്ള 66 ശതമാനം പേര്‍ക്ക് ജില്ലയില്‍ രണ്ട് ഡോസ് വാക്സിന്‍ നല്‍കി. 12 മുതല്‍ 14 വയസു വരെയുള്ള 54 ശതമാനം കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കി. കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്കുള്ള 7541 അപേക്ഷകളില്‍ 7147 അപേക്ഷകളിലും അനുമതി ലഭ്യമാക്കി. 6883 പേര്‍ക്ക് തുക കൈമാറി. 31.54 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സവിശേഷ ശ്രദ്ധ
ജില്ലയിലെ ആദിവാസി ഊരുകളുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ പ്രഥമ പരിഗണനയാണ് ജാഫര്‍ മാലിക് നല്‍കിയത്. ആദിവാസി ഊരുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചു. അവധി ദിനത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ആദിവാസി ഊരുകളില്‍ അദ്ദേഹം ചെലവിട്ടു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ, തലവച്ചപാറ കോളനികള്‍ സന്ദര്‍ശിച്ച് പ്രയാസങ്ങളും പ്രശ്നങ്ങളും നേരില്‍ക്കണ്ടു. ഊരിലെ റോഡുകളുടെ വികസനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഊരുകളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നത് തടയാനായി കുടുംബശ്രീ മുഖേന കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി. ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പട്ടികവര്‍ഗ കോളനികളിലെ പ്രശ്നങ്ങള്‍ നേരിട്ടറയാന്‍ അദ്ദേഹം ജില്ലയിലെ വിവിധ കോളനികളില്‍ നേരിട്ടെത്തി. 22 പട്ടിക വര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പ്ളാവിന്‍ ചുവട്, വെള്ളാരം പാറ തുടങ്ങിയ കോളനികള്‍ സന്ദര്‍ശിച്ചു. പട്ടയം, കുടിവെള്ളം, വെള്ളക്കെട്ട്, ഭവന നിര്‍മാണം തുടങ്ങിയ പ്രശ്നങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിഹരിക്കുന്നതി നായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
മാതൃകയായി ഓപ്പറേഷന്‍ വാഹിനി
പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിലെ എക്കല്‍ നീക്കി ഒഴുക്ക് സുഗമമാക്കുന്ന ഓപ്പറേഷന്‍ വാഹിനി പദ്ധതിക്ക് തുടക്കം കുറിച്ചത് ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലാണ്. 2018 ലെയും 2019 ലെയും പ്രളയങ്ങള്‍ എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പുതിയ ഉദ്യമം. ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഇത്രയും വിപുലമായി ജലാശങ്ങളിലെ എക്കല്‍ നീക്കാന്‍ കേരളത്തില്‍ ആദ്യമായി ഉത്തരവിറക്കിയത് അദ്ദേഹമാണ്. എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓപ്പറേഷന്‍ വാഹിനി ദൗത്യത്തെ പ്രശംസിക്കുകയും, എറണാകുളം മോഡലിനെ മറ്റെല്ലാ ജില്ലകളും മാതൃകയാക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ പെരിയാറിന്റെ 137 കൈവഴികളുടെ നവീകരണം ഇതുവരെ പൂര്‍ത്തിയായി. മൂവാറ്റുപുഴയാറിന്റെ കൈവഴികളുടെയും നവീകരണം പുരോഗമിക്കുകയാണ്. ഇതുവരെ ഏകദേശം 20 ലക്ഷം മീറ്റര്‍ ക്യൂബ് എക്കലാണ് നീക്കം ചെയ്തത്. ഇങ്ങനെ നീക്കം ചെയ്യുന്ന എക്കല്‍ ലേലം ചെയ്യാനും അതുവഴി അതാത് തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക വരുമനം ലഭ്യമാക്കുന്നതിനുമുള്ള ഇടപെടലും അദ്ദേഹം നടത്തിയിരുന്നു. വാഹിനി ദൗത്യം പൂര്‍ത്തിയായ പ്രദേശങ്ങളിലൊന്നും ഇത്തവണത്തെ മഴയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ
ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായുള്ള മുല്ലശേരി കനാല്‍ നവീകരണം പുരോഗമിക്കുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് കാരണം മുല്ലശേരി കനാലിലെ തടസങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി സ്മാര്‍ട്ട് മിഷന്റെയും കൊച്ചി നഗരസഭയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടര്‍ മുന്‍കൈയെടുത്തു.
കൊച്ചി നഗരത്തിനുള്ളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സിറ്റി ഫ്ളഡ് എന്ന പദ്ധതിയിലൂടെ തേവര – പേരണ്ടൂര്‍ കനാലിന്റെ നവീകരണം ഏറ്റെടുത്തതും ജാഫര്‍ മാലിക് കളക്ടറായിരുന്ന കാലയളവിലാണ്. കളക്ടറുടെ ഫണ്ടും ഇതിന് ലഭ്യമാക്കി. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്.
ഓക്സിജന്‍ സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ്
കോവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കി. അതുവഴി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു.
ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ടോയ് ട്രെയിന്‍, പെഡല്‍ ബോട്ടിങ്ങ്, അമ്മമാര്‍ ഗൃഹനാഥരായ വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, സാമൂഹിക നീതി വകുപ്പിന്റെയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗത്തിന്റെയും സഹകരണത്തോടു കൂടി ഡിമെൻഷ്യ രോഗ പ്രതിരോധത്തിനായി ബോധി പദ്ധതി എന്നിവയും നടപ്പിലാക്കി. സിറ്റി ഗ്യാസ്, ജലജീവന്‍ പദ്ധതികള്‍ക്ക് വേഗം കൂട്ടാനും ജാഫര്‍ മാലിക്കിന് കഴിഞ്ഞു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ പ്രത്യേക താല്‍പര്യമെടുത്താണ് ബോധി പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസമുറപ്പാക്കുന്ന രോഷ്‌നി പദ്ധതി, ഓപ്പറേഷന്‍ വാഹിനി തുടങ്ങിയ പദ്ധതികള്‍ അദ്ദേഹം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.