യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ ഷെറീക ജാക്സണിനു സ്വര്‍ണം. 21.45 സെക്കന്‍ഡില്‍ ഓടിയെത്തിയ ഷെറീക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ചു. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനെയാണു ഷെറീക മറികടന്നത്.
21.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷെല്ലി വെള്ളി നേടി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന 100 മീറ്റര്‍ ഫൈനലില്‍ ഷെല്ലി സ്വര്‍ണം നേടിയിരുന്നു. 22.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നിലവിലെ ചാമ്പ്യന്‍ കൂടിയായ ബ്രിട്ടന്റെ ഡിനാ ആഷര്‍ സ്മിത്തിനാണ് വെങ്കലം. വനിതാ സ്പ്രിന്റിലെ ആറ് മെഡലുകളില്‍ അഞ്ചും ജമൈക്ക സ്വന്തമാക്കി. 100 മീറ്റര്‍ ഫൈനലില്‍ ഷെറീക വെള്ളിയും എലൈന്‍ തോംപ്സണ്‍ വെങ്കലവും നേടി. 2013 ലെ മോസ്‌കോ ചാമ്പ്യന്‍ഷിപ്പിനു സമാനമായി ഷെല്ലി സ്പ്രിന്റ് ഡബിള്‍ നേടുമെന്ന പ്രതീക്ഷയിലാണു കാണികളെത്തിയത്. ലെയ്ന്‍ ആറില്‍ ഓടിയ ഷെല്ലി കണ്ണടച്ചു തുറക്കും മുമ്പ് നൈജറിന്റെ അമിനാതു സെയ്നിയെ മറികടന്നു. ഷെറീകയും ഷെല്ലിയും അവസാന 100 മീറ്ററില്‍ ഇഞ്ചോടിഞ്ചു പോരാടി. ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടെ ഷെറീക സ്വര്‍ണം നേടിയതോടെ കാണികള്‍ക്ക് ആശ്വാസമായി. ഷെല്ലിയുടെ സീസണിലെ മികച്ച പ്രകടനമാണു കണ്ടത്.
അവര്‍ക്കൊപ്പം ഓടിയ ജമൈക്കയുടെ തന്നെ എലൈന്‍ തോംപ്സണ്‍ 22.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഏഴാം സ്ഥാനക്കാരിയായി. പുരുഷ വിഭാഗം 200 മീറ്ററില്‍ യു.എസിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. നോഹ ലൈലസ് 19.31 സെക്കന്‍ഡില്‍ ലോകോത്തര പ്രകടനത്തോടെ സ്വര്‍ണം നേടി. കെന്നത്ത് ബെഡ്നാരക് 19.77 സെക്കന്‍ഡില്‍ വെള്ളിയും എറിയോണ്‍ നൈറ്റ്ടണ്‍ 19.80 സെക്കന്‍ഡില്‍ വെങ്കലവും നേടി. ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്ലേക്കും മാത്രമാണ് 19.31 സെക്കന്‍ഡില്‍ താഴെ സമയത്തു ഫിനിഷ് ചെയ്തവര്‍. ടോക്കിയോ ഒളിമ്പിക്സില്‍ നോഹ ലൈലസിനു മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല. 200 മീറ്ററില്‍ അമേരിക്കക്കാരന്റെ ഏറ്റവും മികച്ച സമയം കുറിച്ചാണു താരം മടങ്ങിയത്.
പുരുഷന്‍മാരുടെ 100 മീറ്റര്‍ ഓട്ടത്തിലും അമേരിക്കയുടെ സമഗ്രാധിപത്യമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ കസഖ്സ്ഥാന്റെ നോറ ജെറൂത് സ്വര്‍ണം നേടിയിരുന്നു. കെനിയന്‍ വംശജയായ നോറ എട്ട് മിനിറ്റ് 53.02 സെക്കന്‍ഡിന്റെ ഗെയിംസ് റെക്കോഡുമായാണു സ്വര്‍ണം നേടിയത്. എത്യോപ്യയുടെ വെര്‍കുഹ ഗെറ്റ്ചു എട്ട് മിനിറ്റ് 54.61 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡുമായി വെള്ളി നേടി. എത്യോപ്യയുടെ തന്നെ മെകിഡസ് അബിബി എട്ട് മിനിറ്റ് 56.08 സെക്കന്‍ഡില്‍ വെങ്കലവും കുറിച്ചു.
മെഡല്‍ പട്ടകയില്‍ യു.എസ്. ഒന്നാംസ്ഥാനത്തു തുടരുകയാണ്. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും ഒന്‍പത് വെങ്കലവും അടക്കം 22 മെഡലുകളാണ് അവര്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള എത്യോപ്യക്ക് മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും അടക്കം എട്ട് മെഡലുകളാണ്. മൂന്നാമതുള്ള ജമൈക്കയ്ക്ക് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും അടക്കം ആറ് മെഡലുകളാണ്.

