യൂജിന്‍ (യു.എസ്.എ.): ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈയിനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് സ്വന്തമാക്കി. യോഗ്യതാ റൗണ്ടിലെ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഫൈനല്‍ ഉറപ്പിച്ചത്.
മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേരില്‍ ഒരാളായാണ് 25 വയസുകാരനായ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ ശ്രമത്തില്‍ 16.12 മീറ്ററാണ് എല്‍ദോസ് പിന്നിട്ടത്. മൂന്നാം ശ്രമത്തില്‍ 16.34 മീറ്ററും. എ ഗ്രൂപ്പില്‍ എല്‍ദോസ് ആറാം സ്ഥാനക്കാരനായി. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 16.99 മീറ്റര്‍ ചാടി എല്‍ദേസ് സ്വര്‍ണം നേടിയിരുന്നു. താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനവും ഇത് തന്നെ.
എല്‍ദോസിനൊപ്പം എ ഗ്രൂപ്പില്‍ മത്സരിച്ച പ്രവീണ്‍ ചിത്രവേലിനു യോഗ്യത നേടാനായില്ല. 16.49 മീറ്റര്‍ വരെ ചാടിയ ചിത്രവേല്‍ എട്ടാം സ്ഥാനത്തായി. ബി ഗ്രൂപ്പില്‍ ഇറങ്ങിയ അബ്ദുള്ള അബൂബക്കറും നിരാശപ്പെടുത്തി. 16.45 മീറ്ററാണ് അബൂബക്കറിന്റെ മികച്ച ദൂരം. പത്താം സ്ഥാനക്കാരനായാണു താരം മത്സരം അവസാനിപ്പിച്ചത്. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിലെ ആദ്യ അവസരത്തില്‍ തന്നെ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് യോഗ്യത ഉറപ്പാക്കിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍. 89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. യോഗ്യത ഉറപ്പാക്കിയതോടെ നീരജ് ശേഷിച്ച രണ്ട് അവസരങ്ങളും ഉപയോഗിച്ചില്ല. 93.07 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് മുന്നിലാണ്. 2019 ദോഹ ചാമ്പ്യന്‍ഷിപ്പിലെ ജേതാവു കൂടിയാണ് ആന്‍ഡേഴ്സന്‍. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെചാണ് (90.88 മീറ്റര്‍) രണ്ടാമത്.
വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ 85.23 മീറ്ററാണ് വാദ്ലെച് എറിഞ്ഞത്. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (89.54 മീറ്റര്‍) നാലാമതുണ്ട്. ടോക്കിയോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ എറിഞ്ഞാണു നീരജ് സ്വര്‍ണം നേടിയത്. കഴിഞ്ഞ മാസം ഫിന്‍ലന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി. സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് റെക്കോഡ് മെച്ചപ്പെടുത്തി. നീരജിനു പിന്നാലെ ഇന്ത്യയുടെ 21 വയസുകാരനായ രോഹിത് യാദവും ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ തന്റെ ആദ്യ ശ്രമത്തില്‍ 80.42 മീറ്റര്‍ എറിഞ്ഞാണു രോഹിത് ഫൈനല്‍ ഉറപ്പിച്ചത്. ആറാം സ്ഥാനക്കാരായാണു താരം ഫിനിഷ് ചെയ്തത്.
രോഹിതിന്റെ രണ്ടാമത്തെ ത്രോ ഫൗളായി. അവസാന ഏറ് 77.32 മീറ്ററായിരുന്നു. കഴിഞ്ഞ മാസം നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 82.54 മീറ്റര്‍ എറിഞ്ഞു വെള്ളി നേടിയതാണു കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏതെങ്കിലും ഒരിനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഫൈനലില്‍ എത്തുന്നത് ആദ്യമാണ്. ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഫൈനല്‍ ഉറപ്പിക്കാനായത് രോഹിത്തിന്റെ നേട്ടമാണ്. വനിതാ ജാവലിന്‍ താരം അന്നു റാണി കഴിഞ്ഞ ദിവസം ഫൈനലില്‍ കടന്നിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. യോഗ്യതാ റൗണ്ടില്‍ 59.60 മീറ്റര്‍ എറിഞ്ഞാണ്അന്നു ഞായറാഴ്ച നടക്കുന്ന ഫൈനലിനു യോഗ്യത നേടിയത്.

