ഇടുക്കി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലെ എസ്റ്റേറ്റുകളിൽ കാട്ടാനങ്ങൾ ഭീതി പടർത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആക്രമണം നേരിടേണ്ടി വന്നത് നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികൾക്കാണ്. കാട്ടാനയുടെ മുമ്പിൽ പെട്ട യുവാവിനെ കാട്ടാന ചുഴറ്റി എറിഞ്ഞതിനു പിന്നാലെയായിരുന്നു നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികൾക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. നയമക്കാട് എൽപി സ്കൂളിലെ പ്രധാനാധ്യാപിക മഹാലക്ഷ്മി, ഭർത്താവ് സോളമൻ രാജാ എന്നിവർക്കാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്.
21/07/22 വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ വീടിനു മുന്നിലെത്തി കാട്ടാന വീടിൻറെ ചുമരുകൾ തകർത്തു. വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അവിടെത്തന്നെ നിലയുറപ്പിച്ച കാട്ടാന ഭീതി ജനിപ്പിച്ചതോടെ, മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന ദമ്പതികൾ അടുത്തുള്ള സ്കൂൾ കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു. ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ എത്തുകയും, ശബ്ദം ഉയർന്നതോടെ കാട്ടാന മടങ്ങുകയും ചെയ്തതോടെയാണ് ദമ്പതികളുടെ ആശ്വാസമായത്. ഒരാഴ്ചയ്ക്ക് മുമ്പ് ഈ സ്കൂളിൻറെ ശുചിമുറികൾ കാട്ടാന തകർത്തിരുന്നു.

