പ്ലസ് വൺ പ്രവേശനം; സമയപരിധി തൽക്കാലം തുടരും

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി 22/07/22 വെള്ളിയാഴ്ച മൂന്നുമണിക്ക് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.

പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി 25/07/22 തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അത് നീണ്ടുപോകും എന്ന് കോടതി പറഞ്ഞു. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ടുദിവസത്തിനുള്ളിൽ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത. പക്ഷേ നിർദ്ദേശങ്ങൾ ഒന്നും കിട്ടിയിട്ടില്ല എന്നും സിബിഎസ്ഇയുടെ അഭിഭാഷകൻ പറഞ്ഞു.

സമയപരിധി ഇനിയും നീട്ടാനാവില്ല എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. 2022 ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവർത്തി ദിനങ്ങൾ പൂർണമാക്കാൻ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവർത്തി ദിനം ആക്കിയാൽ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സിബിഎസ്ഇ പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാർ കോടതിയിൽ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ സംസ്ഥാന സംവിധാനങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →