വയനാട്: ബത്തേരി വാകേരിയിൽ ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. കക്കടംകുന്ന് ഏദൻവാലി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് 13 വയസുള്ള പെൺ കടുവ കുടുങ്ങിയത്. ബത്തേരി മേഖലയിൽ നിരവധി വളർത്തു മൃഗങ്ങളെ കൊന്ന് ഭീതി പരത്തിയ കടുവയാണ് ഒടുവിൽ വനം വകുപ്പിൻറെ പിടിയിലായത്.
2022 ജൂലൈ 12 ന് കക്കടംകുന്ന് ഏദൻവാലി എസ്റ്റേറ്റിൽ കടുവയെത്തി വളർത്തു നായയെ കൊന്നിരുന്നു. പിന്നീടാണ് എസ്റ്റേറ്റിനുള്ളിൽ കടുവാ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്. 20ന് രാവിലെ വീണ്ടും എസ്റ്റേറ്റിനുള്ളിലെത്തിയ കടുവ വനം വകുപ്പ് ഒരുക്കിയ കെണിയിൽ അകപ്പെട്ടു. 13 വയസ് പ്രായമുള്ള പെൺകടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എസ്റ്റേറ്റിലെ ജീവനക്കാർ പണിമുടക്ക് തുടങ്ങിയിരുന്നു.
കൂട്ടിലായ കടുവയെ മയക്കുവെടി വച്ച ശേഷം പ്രാഥമിക ചികിത്സ നൽകും. ചികിത്സക്കായി കടുവയെ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ചികിത്സ.

