സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്ഷൻ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ രോഗബാധിത രാജ്യങ്ങളിൽ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തിൽ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളർച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ മങ്കിപോക്സാണെന്ന് സംശയിക്കണം.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവർത്തകരുൾപ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ് വരുന്നത്. പിസിആർ പരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്.
മങ്കിപോക്സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകൾ വെവ്വേറെയായി ഐസൊലേഷനിൽ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സർവൈലൻസ് ഓഫീസറെ (ഡിഎസ്ഒ) ഉടൻ അറിയിക്കണം. ഇതോടൊപ്പം എൻഐവി പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിളുകൾ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകൾ ലാബിൽ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും.
ഐസൊലേഷൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികളെ അവർ ആവശ്യപ്പെട്ടാൽ മാത്രം സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യണം. ഐസൊലേഷൻ സൗകര്യമുള്ള സർക്കാർ ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാവൂ. ഡിഎസ്ഒയ്ക്ക് ശരിയായ വിവരം നൽകി പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം റഫറൽ ചെയ്യേണ്ടത്.
മങ്കിപോക്സ് സ്ഥിരീകരിച്ച കേസുകൾ, കേന്ദ്രത്തിന്റെ കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. മങ്കിപോക്സ് ബാധിതരുടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, സംസ്ഥാന മെഡിക്കൽ ബോർഡുമായി ബന്ധപ്പെടേണ്ടതാണ്.
രോഗിയെ ആംബുലൻസിൽ കൊണ്ടു പോകേണ്ടി വരുമ്പോൾ പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഡിഎസ്ഒയുടെ നിർദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. ഇതോടൊപ്പം ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എൻ 95 മാസ്‌കോ ട്രിപ്പിൾ ലെയർ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കിൽ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലൻസും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങൾ മാർഗനിർദേശമനുസരിച്ച് നിർമാർജനം ചെയ്യണം.
എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെർമൽ സ്‌കാനർ ഉണ്ട്. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരിൽ തെർമ്മൽ സ്‌കാനർ വഴിയുള്ള പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയാൽ അവരുടെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടോയെന്ന് മെഡിക്കൽ സംഘം പരിശോധിക്കും. പാടുകളുണ്ടെങ്കിൽ ഡിഎസ്ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷൻ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയിൽ അവരെ മാറ്റും. ഐസൊലേഷനിൽ കഴിയുന്നവർക്ക് ജില്ലാ മാനസികാരോഗ്യ സംഘം ദിവസവും ടെലിഫോണിലൂടെ മാനസിക പിന്തുണ നൽകും.
പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ആരോഗ്യ പ്രവർത്തകർ 21 ദിവസം വിലയിരുത്തും. ദിവസവും രണ്ട് നേരം ടെലഫോണിലൂടെ ഇവരെ വിളിച്ചാണ് ഇക്കാര്യം ഉറപ്പ് വരുത്തുന്നത്. മാത്രമല്ല അവരുടെ താപനില ദിവസവും രണ്ട് നേരം സ്വയം രേഖപ്പെടുത്തണം. നിരീക്ഷണ ചുമതലയുള്ള ജെഎച്ച്ഐ/ജെപിഎച്ച്എൻ അല്ലെങ്കിൽ ആശവർക്കർ ഇടയ്ക്കിടെ വീട് സന്ദർശിക്കണം. അവർ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പനി ഉണ്ടായാൽ, അവരെ ഉടൻ ഐസൊലേറ്റ് ചെയ്യുകയും ക്ലിനിക്കൽ, ലാബ് പരിശോധന നടത്തുകയും വേണം. ചുവന്ന പാടുകൾ പ്രത്യക്ഷപ്പെട്ടാൽ സാമ്പിളുകൾ മങ്കിപോക്സ് പരിശോധനയ്ക്ക് അയയ്ക്കണം. നിരീക്ഷണ കാലയളവിൽ കൃത്യമായി മാർഗനിർദേശങ്ങൾ പാലിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും ഗർഭിണികളും കുട്ടികളുമായും വളർത്തുമൃഗങ്ങളുമായും സമ്പർക്കം പാടില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.
രോഗലക്ഷണങ്ങളില്ലാത്ത സമ്പർക്കം ഉള്ളവർ രക്തം, കോശങ്ങൾ, ടിഷ്യു, അവയവങ്ങൾ, സെമൻ എന്നിവ ദാനം ചെയ്യാൻ പാടില്ല. മങ്കിപോക്സ് ബാധിച്ചവരുമായോ സംശയിക്കുന്നവരുമായോ സുരക്ഷിതമല്ലാത്ത സമ്പർക്കം പുലർത്തുന്ന ആരോഗ്യ പ്രവർത്തകർ 21 ദിവസം നിരീക്ഷിക്കണം. രോഗ ലക്ഷണമില്ലെങ്കിൽ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കേണ്ടതില്ല.