വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം : പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ അപലപിച്ചും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. പരീക്ഷ കേന്ദ്രത്തിൽ നടന്ന സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമർശിച്ചു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കമ്മീഷൻ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൊല്ലം റൂറൽ എസ്‍പിക്കാണ് നിർദേശം നൽകിയത്.

കൊല്ലം ആയൂരിലെ കോളേജിലാണ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥർ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര ഡിവൈഎസ്‍പിക്ക് പരാതി നൽകി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാർത്ഥികളെ പരിശോധിച്ചതെന്നും അവർ വിശദീകരിച്ചിരുന്നു.

അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചതെന്ന് സംഭവത്തിൽ പരാതി കൊടുത്ത കുട്ടിയുടെ പിതാവ് പ്രചതികരിച്ചു. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെൺകുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പിച്ചാണ് അവർ പരീക്ഷ എഴുതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തുടർന്നു: എന്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയർ സെക്കണ്ടറി അധ്യാപികയാണ്. അവർക്ക് പരീക്ഷാ പ്രോട്ടോകോളിനെ പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്.

ഈ സംഭവം കാരണം മാനസികമായി തകർന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിർദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതർക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് വിദ്യാർത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്.

ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെൺകുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെൺകുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാൻ പാടില്ല എന്ന നിർബന്ധം കൊണ്ടാണ് ഞാനിപ്പോൾ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിന്റെയും സങ്കടത്തിൽ ആകെ തകർന്നിരിക്കുകയാണ് അവൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →