സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയത് വഴിയരികിൽ കണ്ടസ്ത്രീയെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു

അടൂർ : വഴിയരികിൽ കണ്ടതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂർ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ടാപ്പിങ് തൊഴിലാളിയായ മകൻ 71 വയസുളള അമ്മയ്ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. 2022 ജൂലൈ 14ന് രാത്രി ഇയാൾ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയിൽ കൊണ്ടുനിർത്തി. അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈകാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും അ‍ജ്ഞാതയായ വയോധികയെ വഴിയരികിൽ കണ്ടതാണെന്നും പൊലീസിനോടു പറഞ്ഞു. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

16 ന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി. തുടർന്ന് കേന്ദ്രത്തിൽ മദ്യപിച്ചെത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താൻ ശ്രമം നടത്തി. ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ വട്ടപ്പാറ കല്ലയം കാരാമൂട് അനിതവിലാസത്തിൽ അജികുമാറിനെതിരെ പരാതി നൽകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →