2022 ജൂലൈ 18 മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും പാടില്ലാത്ത വാക്കുകളുടെ ലിസ്റ്റ് പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം പ്രതീക്ഷിച്ചതാണ്. നാടകം എന്ന വാക്ക് നിരോധിച്ചതിന് നാടക സംഘടനകള്‍ മുതല്‍ ആക്ഷേപങ്ങള്‍ പെരുകുകയാണ്. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ എന്തുണ്ടാകും എന്ന് തുടങ്ങി ഈ വാക്കുകളുടെ ഗതി എന്താവും എന്നുവരെയും സംശയങ്ങള്‍ പെരുകുകയാണ്. ഈ വിഷയത്തെക്കുറിച്ച് ഈ ചില സാമാന്യ വിവരങ്ങളും പാടില്ലാത്ത വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും ആണ് ഈ ലേഖനത്തിന്റെ വിഷയം.
ആരാ പറയുന്നത് പാടില്ലെന്ന്?
പറഞ്ഞാലെന്തു ചെയ്യും?
രാജ്യസഭയുടെ അധ്യക്ഷനും ലോക്‌സഭയുടെ സ്പീക്കറും ആണ് യഥാക്രമം സഭകളുടെ തലവന്മാര്‍. വാക്കുകള്‍ പാടില്ലെന്നും ആകാമെന്നും തീരുമാനിച്ചിരിക്കുന്നത് അവരാണ്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് ആണ് പാടില്ലാത്ത വാക്കുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
പാടില്ലാത്ത വാക്കുകള്‍ പറഞ്ഞാല്‍ ഒന്നും ചെയ്യില്ല. കോടതികളിലും പ്രശ്‌നം വരില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105(2) പ്രകാരം നിയമനിര്‍മ്മാണ സഭയില്‍ പറയുന്ന ഒന്നിന്റെയും പേരില്‍ പുറത്ത് കേസും ശിക്ഷയും പാടില്ലാത്തതാണ്.
പാടില്ലാത്ത കാര്യങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് നടപടി. ആവശ്യമെങ്കില്‍ അധ്യക്ഷന് ഇതു സംബന്ധിച്ച കുറിപ്പും സഭാരേഖയില്‍ ചേര്‍ക്കാം. അത്രയേ ഉള്ളൂ കാര്യം.
പാടില്ലാത്ത വാക്കുകള്‍ എവിടെ നിന്ന് കിട്ടി ?
പാര്‍ലമെന്റില്‍ മുന്‍പ് നീക്കം ചെയ്തവ, നിയമസഭകളില്‍ നീക്കം ചെയ്ത്, മറ്റ് രാജ്യങ്ങളുടെ പാര്‍ലമെന്റ് രേഖകളില്‍ നീക്കം ചെയ്തവ എന്നീ ഉറവിടങ്ങളില്‍ നിന്നാണ് പാടില്ലാത്ത വാക്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ നടപടികള്‍ ആരംഭിച്ചുവെങ്കിലും ശീതകാല സമ്മേളനം മുതല്‍ പ്രാബല്യത്തില്‍ ആക്കുവാന്‍ ആയി ഇപ്പോഴാണ് ലോകസഭാ സെക്രട്ടറിയേറ്റ് പുസ്തകമായി പുറത്തിറക്കിയത്. നിയമനിര്‍മ്മാണ സഭകളിലെ ആവശ്യത്തിനുമാത്രം ബാധകം എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. നിയമസഭകള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ഇത് സ്വീകരിച്ചാല്‍ മതി. ചില പ്രയോഗങ്ങളും വാക്കുകളും ആക്ഷേപമായി മാറുമ്പോള്‍ മാര്‍ഗ്ഗരേഖയായി ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനും ഉപയോഗിക്കാം. സ്പീക്കര്‍മാര്‍ക്ക് തീരുമാനം എടുക്കാനും അവലംബിക്കാം.
എം.എം. മണി പറഞ്ഞത് രേഖയില്‍ നിന്ന് നീക്കം ചെയ്യാം.
കെ.കെ. രമ എം.എല്‍.എയെ പറ്റി എം.എം. മണി നിയമസഭയില്‍ പറഞ്ഞത് ഈ പുസ്തകത്തിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് വേണമെങ്കില്‍ പാര്‍ലമെന്ററി അല്ലെന്ന് സ്പീക്കര്‍ക്ക് വിധിക്കാം. കാരണം ശാപങ്ങള്‍ പോലുള്ളവ പാടില്ലാത്തതാണ്. യു.ഡി.എഫ.് അതാണ് ആവശ്യപ്പെടുന്നത്. പക്ഷേ, അതിന് ബി.ജെ.പി. ഭരണത്തില്‍ ഉണ്ടായ മാനദണ്ഡം ഉപയോഗിക്കാന്‍ തയ്യാറാവില്ലല്ലോ. മാത്രവുമല്ല ഈ പ്രോട്ടോകോള്‍ പുസ്തകത്തെപ്പറ്റി കോണ്‍ഗ്രസ് പ്രതിഷേധവും ആക്ഷേപവുമായി നില്‍ക്കുകയാണ്.
ഈ വാക്കുകള്‍ പാടില്ലെന്നേ പറയുന്നുള്ളൂ. പറയാന്‍ പാടില്ലെന്ന് വിലക്കിയിട്ടില്ല. ഒരു വാക്കും പാര്‍ലമെന്റില്‍ വിലക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ല പറയുന്നു.
വാക്കുകള്‍ക്ക് പറ്റിയ ഗതികേട്.
ചില വാക്കുകള്‍ ഗതികേടില്‍പ്പെട്ട് പാടില്ലാത്തവയായി മാറിയതാണ്. നല്ല വാക്കുകള്‍ ആണ്. പക്ഷേ, തെറ്റായ സന്ദര്‍ഭത്തില്‍ പ്രയോഗിച്ച് അര്‍ത്ഥം വേറെയാക്കി നാണം കെടുത്തിയതാണ്. ഒരു സഭയില്‍ നാടകം എന്ന വാക്ക് ഉപയോഗിച്ചത് മോശപ്പെട്ട ഒരു കാര്യത്തെപ്പറ്റി സൂചിപ്പിക്കാനാവാം. ‘ആ നാടകം വേണ്ട’ എന്ന പ്രയോഗത്തിലെ നാടകം മോശം അര്‍ത്ഥമുള്ള കാര്യമായിരിക്കാം! അവിടെ, അന്ന്!! പക്ഷേ പാടില്ലെന്ന് വിധിച്ചത് ആളുകള്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന നാടകം എന്ന വാക്കിനെയായിപ്പോയി. പല വാക്കുകളും കുഴപ്പക്കാരല്ല. പക്ഷേ, പെട്ടുപോയതാണ്. വാക്കുകള്‍ പ്രയോഗിച്ച സന്ദര്‍ഭത്തെപ്പറ്റിയുള്ള സൂചനകള്‍ വായിച്ചാല്‍ അതറിയാം.
പാടില്ലാത്ത വാക്കുകള്‍, പറഞ്ഞ സന്ദര്‍ഭങ്ങള്‍ എന്നിവയ്ക്കായി താഴെയുള്ള ഡോക്യുമെന്റ് തുറന്നു വായിക്കുക.
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888
അറിയിപ്പ്
കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.