കാസർകോഡ് : കേരള വാട്ടര്‍ അതോറിറ്റിയുടെ ജില്ലാ ജല പരിശോധന ലാബിനു കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി വരുന്നു. കാസര്‍കോട് പുലിക്കുന്ന് കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന്, കാറഡുക്കയിലെ ബോവിക്കാനം എന്നീ സബ് ജില്ലാ ലാബുകളിലാണ് ജല പരിശോധന ആരംഭിക്കുന്നത്. ജലപരിശോധന എന്നത് പൊതു-പാരിസ്ഥിതിക സുരക്ഷയുടെ ഒരു പ്രധാന ഘടകമാണ്.
കുടിവെള്ള സ്രോതസ്സുകളിലെ ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക, ഗുണനിലവാരമില്ലാത്ത ജലം നിശ്ചിത ഗുണനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, മലിനീകരണത്തിനു കാരണമാകുന്ന വസ്തുക്കളെ ജലസ്രോതസ്സില്‍നിന്നും സുരക്ഷിതമായ അകലത്തില്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് അവബോധം വളര്‍ത്തുക, ജലജന്യരോഗങ്ങള്‍ കുറക്കുക, പൊതുജനങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ഗുണനിലവാര പരിശോധനക്ക് സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ ലാബിനും, പുലിക്കുന്ന്, ചാമുണ്ഡിക്കുന്ന് എന്നീ സബ് ജില്ലാ ലാബുകള്‍ക്കും എന്‍. എ. ബി. എല്‍ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറി ) അക്രഡിറ്റേഷന്‍ ലഭിച്ചു. ബോവിക്കാനം സബ് ജില്ലാ ലാബിന്റെ അക്രഡിറ്റേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റി ജലമെടുക്കുന്ന നദി സ്രോതുകളിലെയും കിണറുകളിലേയും സ്വകാര്യ വ്യക്തികളുടെ ജല സാമ്പിളുകളുടെയും ജലത്തിന്റെ ഗുണനിലവാരം ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന് കീഴിലുള്ള ലാബുകളില്‍ പരിശോധിക്കും. നിറം, ദുര്‍ഗന്ധം, കലക്കല്‍, പിച്ച്, വൈദ്യുത ചാലകത, അസിഡിറ്റി ക്ഷാരത്വം, സള്‍ഫേറ്റ്, അലിഞ്ഞിരിക്കുന്ന ഖര ദ്രവ്യങ്ങള്‍, ജല കാഠിന്യത, കാല്‍സ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഫ്‌ളൂറൈഡ്, ഇരുമ്പ്, നൈട്രേറ്റ്, അവക്ഷിപ്ത ക്ലോറിന്‍, കോളിഫോം, ഇ-കോളി എന്നിവയാണ് ലാബുകളില്‍ പരിശോധിക്കുന്നത്.
പരിശോധനയ്ക്ക് ആവശ്യമായ പണം ഓണ്‍ലൈന്‍ ആയി അടച്ച് ജല സാബിളുകള്‍ രജിസ്റ്റര്‍ ചെയ്ത് എത്തിക്കണം. ഭൗതിക രാസ ബാക്ടീരിയോളജിക്കല്‍ പരിശോധന ഗാര്‍ഹിക ആവശ്യത്തിന് 850 രൂപയും ഗാര്‍ഹിക ഇതര ആവശ്യത്തിന് 2790 രൂപയുമാണ് അടക്കേണ്ടത്. വിവിധ ജല വിതരണ പദ്ധതികളിലൂടെ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ പ്രധാന പ്രവര്‍ത്തനം. കാസര്‍കോട് ജില്ലയിലെ വെള്ളത്തില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണെന്നും ഭൂഗര്‍ഭ ജലത്തില്‍ ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റി കൂടുതലായി കാണുന്നുവെന്നും ലാബില്‍ നടത്തിയ സാമ്പിള്‍ ടെസ്റ്റില്‍ ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റി 5000 വരെ ഉയര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജില്ലയില്‍ മൂന്ന് ജല പരിശോധനാ ലാബുകള്‍ കൂടി പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാകും. ഫോണ്‍ 8289940567, 0499255791.