മാതൃകയായി ഗോവിന്ദൻ മേസ്തിരി; ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി മുഖ്യമന്ത്രി ഏറ്റുവാങ്ങി

ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശി ഗോവിന്ദൻ മേസ്തിരിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരേഖകൾ ഏറ്റുവാങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു രേഖാ കൈമാറ്റം. കാട്ടാക്കട എം.എൽ.എ. ഐ.ബി സതീഷിന്റെ മുൻകൈയിലാണ് സർക്കാരിന്റെ അസിസ്റ്റീവ് വില്ലേജ് പദ്ധതിക്ക് ഭൂമി ലഭ്യമാക്കിയത്.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ്  പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തെ ഭിന്നശേഷിസൗഹൃദമാക്കാൻ കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കാനാണ്  ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ഭിന്നശേഷിക്കാരുടെ സമഗ്രമായ  സാമൂഹ്യ പുനരധിവാസത്തിന് സർക്കാർ മേഖലയിൽ സ്ഥാപിക്കുന്ന രാജ്യത്തെതന്നെ മാതൃകാസംരംഭമായി ഇതു മാറുമെന്ന് മന്ത്രി പറഞ്ഞു.

 2021 ഫെബ്രുവരി അഞ്ചിന് ‘നവകേരളം’ പദ്ധതിയുടെ ഭാഗമായി ‘നടന്ന ഭിന്നശേഷിക്കാരുമായുള്ള സംവാദ പരിപാടിയിൽ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ അസിസ്റ്റഡ് ലിവിംഗ് ഹോം ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സാമൂഹ്യനീതി വകുപ്പ് പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

 ഐ.ബി സതീഷ് എംഎൽഎ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെറിൻ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ്ര, സാമൂഹ്യസുരക്ഷാമിഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭൂമിയുടെ രേഖാകൈമാറ്റം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →