കൊച്ചിയിൽ മാലിന്യ കൂമ്പാരത്തിൽ കിടക്കുന്ന ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി മടക്കിയെടുത്ത് പോലീസ് ഓഫീസർ

എറണാകുളം: മാലിന്യ കൂമ്പാരത്തിൽ കിടക്കുന്ന ദേശീയ പതാകയ്ക്ക് പോലീസ് ഓഫീസർ സല്യൂട്ട് നൽകുന്ന മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എറണാകുളം ജില്ലയിലാണ് റോഡരികിൽ തളളിയ മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാക കണ്ടെത്തിയത്. വിവരമറിഞ്ഞ ഹിൽ പാലസ് സ്റ്റേഷനിലെ പോലീസുകാരനായ അമൽ ടി.കെ ആണ് ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി മാലിന്യത്തിൽ നിന്നും പതാക തിരിച്ചെടുത്തത്.

ഇരുമ്പനത്തിന് സമീപം കടത്തുകടവ് റോഡിലാണ് മാലിന്യകൂമ്പാരത്തിൽ ദേശീയ പതാകയും, കോസ്റ്റ് ഗാർഡിന്റെ പതാകയും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശ്മശാനത്തിന് സമീപമുള്ള സ്ഥലത്താണ് ടിപ്പറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ദേശീയ പതാകകൾ ഉൾപ്പെടെയുള്ളവ മാലിന്യത്തിൽ കണ്ടതോടെ പ്രദേശവാസികളും, ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മാലിന്യ കൂമ്പാരത്തിൽ നിരവധി ദേശീയ പതാകകളും, കോസ്റ്റ് ഗാർഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു.

സംഭവം ആദ്യം കണ്ട നാട്ടുകാരിലാരോ പതാകകൾ നിവർത്തിയിട്ടിരുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. ജീപ്പിൽ നിന്നും ഇറങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ മാലിന്യ കൂമ്പാരത്തിനടുത്തേക്ക് വന്നു. ദേശീയ പതാക കണ്ടതോടെ പെട്ടെന്ന് അറ്റൻഷനായി ഒരു കിടിലൻ സല്യൂട്ട് നൽകുകയായിരുന്നു. പോലീസ് സംഘത്തിലെ അമൽ ടി.കെ എന്ന സിവിൽ പോലീസ് ഓഫീസർ ആണ് സല്യൂട്ട് ചെയ്തത്.

മാലിന്യത്തിൽ കിടന്ന ദേശീയ പതാകകൾ ഓരോന്നായി അദ്ദേഹം മടക്കി കയ്യിൽ എടുക്കാൻ തുടങ്ങി. ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരു നാട്ടുകാരൻ വാർഡ് കൗൺസിലറോ കോസ്റ്റു ഗാർഡ് ഉദ്യോഗസ്ഥരോ വന്നിട്ട് എടുത്താൽ മതി എന്ന് പറഞ്ഞു. എന്നാൽ വേറൊരാൾ വരുന്നത് വരെ ദേശീയ പതാക മാലിന്യത്തിൽ ഇടുന്നത് ശരിയല്ലെന്ന് പറഞ്ഞ് അമൽ പതാകകൾ എല്ലാം ഭംഗിയായി മടക്കിയെടുത്ത് പോലീസ് ജീപ്പിലേക്ക് മാറ്റി.

ദേശീയ പതാകകൾക്ക് പുറമെ കോസ്റ്റു ഗാർഡിന്റെ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ളവ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചതിനെ ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് മാലിന്യം നിർമാർജനം ചെയ്യാൻ ചുമതലപ്പെടുത്തിയവർ മാലിന്യം പൊതുസ്ഥലത്ത് തള്ളിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. മാലിന്യത്തിൽ ദേശീയ പതാക നിക്ഷേപിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →