തിരുവനന്തപുരം: തിരുവനന്തപുരം കുളിച്ചലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കാണാതായ കിരണിന്റേതെന്ന് സംശയം. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിന്റെ കയ്യിൽ കെട്ടിയ ചരട് കണ്ട് മകന്റേത് തന്നെയാണന്ന് അച്ഛൻ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. കൊല്ലത്തും യുവാവിനെ കാണാതായിട്ടുണ്ട്. ആ വഴിക്കും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
തിരുവനന്തപുരം ആഴിമലയിൽ പെൺ സുഹൃത്തിനെ കാണാൻ എത്തിയ യുവാവിന്റെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളെ പോലീസ് പ്രതി ചേർത്തിരുന്നു. പെൺകുട്ടിയുടെ സഹോദരനും, സഹോദരി ഭർത്താവും ഉൾപ്പെടെ മൂന്നുപേർക്കെതിരെ തട്ടിക്കൊണ്ടു പോകലും, ദേഹോപദ്രവം ഏൽപ്പിക്കലും ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി. പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനം ഭയന്ന് ഓടിയപ്പോൾ കിരൺ കടലിൽ വീണിരിക്കാം എന്നായിരുന്നു പോലീസ് നിഗമനം.
നരുവാമൂട് സ്വദേശി കിരണിനെ 09/07/22 ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. ആദ്യം കിരൺ കടലിൽ ചാടി ജീവനൊടുക്കി എന്നാണ് കരുതിയതെങ്കിൽ അന്വേഷണം പുരോഗമിച്ചതോടെ തിരോധാനത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടിയെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ സഹോദരനും,സഹോദരി ഭർത്താവും ചേർന്ന് തടഞ്ഞു. മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഭയന്നോടിയ കിരൺ കാൽ വഴുതി കടലിൽ വീണു. ഇതാണ് തിരോധാനത്തെക്കുറിച്ചുള്ള പോലീസിന്റെ നിഗമനം. അതിനാലാണ് സ്വാഭാവിക മരണം എന്ന കുറ്റം മാറ്റി തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ അധികമായി ചുമത്തിയത്.
പെൺകുട്ടിയുടെ സഹോദരൻ, സഹോദരി ഭർത്താവ് , ബന്ധു എന്നിവരാണ് പ്രതികൾ. പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്ത് പോലീസ് ഒളിവിലുള്ള മൂവരെയും ഉടൻ സ്റ്റേഷനിൽ ഹാജരാകണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ കിരണിനെ തട്ടിക്കൊണ്ടുപോയി ബലമായി കടലിൽ ഇട്ടെന്ന ആരോപണം ഉണ്ടെങ്കിലും അതിന്റെ സാധ്യത പോലീസ് തള്ളുന്നു.

