തീരശുചിത്വത്തിന് ആക്ഷന്‍ ഗ്രൂപ്പുകള്‍

കൊല്ലം: കടല്‍ ശുചീകരണത്തിനായി ജില്ലയില്‍ ആക്ഷന്‍ ഗ്രൂപ്പുകള്‍ സജ്ജമാകുന്നു. തീരത്തിന്റെയും കടലിന്റെയും സ്വഭാവിക ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായാണ് സംവിധാനം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തീരദേശ തദ്ദേശസ്ഥാപനങ്ങളെ കോര്‍ത്തിണക്കി 25 പേരടങ്ങുന്നതാണ് ഗ്രൂപ്പുകള്‍.

വിവിധ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം, മാലിന്യശേഖരണവും പുനരുപയോഗവും, തുടര്‍ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പദ്ധതിയുടെ ഒന്നാംഘട്ട ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്റ്/മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍/കോര്‍പ്പറേഷന്‍ ഡിവിഷന്‍ മെമ്പര്‍ ചെയര്‍മാനും ഫിഷറീസ് വകുപ്പിലെ എഫ്.ഇ.ഒ, എ.എഫ്.ഇ.ഒ , എഫ്.ഒ ഉദ്യോഗസ്ഥര്‍ കണ്‍വീനറായും തദ്ദേശസ്ഥാപന സെക്രട്ടറി, മത്സ്യഫെഡ് പ്രോജക്ട് മാനേജര്‍ തുടങ്ങിയവര്‍ കോ- കണ്‍വീനറായുമാണ് കോര്‍ഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരും അംഗങ്ങളാകും. തീരശുചിത്വ കോ-ഓര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല, വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ തുടങ്ങിയവയും നടപ്പിലാക്കും. കടലും തീരവും പ്ലാസ്റ്റിക്മുക്തമാക്കാനുള്ള സര്‍ക്കാരിന്റെ തീവ്രയജ്ഞ പദ്ധതിയുടെ പൂര്‍ണ്ണ പങ്കാളിത്തമാണ് ജില്ലയില്‍ ഉറപ്പാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →