ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ നിയോഗിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് സ്പെഷല്‍ എയര്‍ സര്‍വീസ്(എസ്.എ.എസ്) സേനാംഗങ്ങള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തടവുകാരെയും നിരായുധരായ ആളുകളെയും കൊലപ്പെടുത്തിയതായി ബി.ബി.സി. അന്വേഷണ റിപ്പോര്‍ട്ട്. ഇത്തരം കൊലപാതകങ്ങള്‍ പല തവണ ആവര്‍ത്തിക്കപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. പുതുതായി നിയോഗിക്കപ്പെട്ട ഓരോ യൂണിറ്റുകളും തങ്ങളുടെ ആറു മാസത്തെ സേവന കാലയളവില്‍ ശരാശരി 54 പേരെ ഇത്തരത്തില്‍ നിയമവിരുദ്ധമായി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ബ്രിട്ടീഷ് എസ്.എ.എസ്. സൈനികരുടെ ഇത്തരം നിയമവിരുദ്ധ കൊലപാതകങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ കൈമാറുന്നതില്‍ സ്പെഷല്‍ ഫോഴ്സ് മുന്‍ തലവന്‍ പരാജയപ്പെട്ടെന്നും ബി.ബി.സി. അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.യു.കെ. സ്പെഷല്‍ ഫോഴ്സ് മുന്‍ മേധാവി ജനറല്‍ മാര്‍ക്ക് കാള്‍ട്ടണ്‍ സ്മിത്ത് നിയമവിരുദ്ധമായ കൊലപാതകങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നെങ്കിലും അതുസംബന്ധിച്ച തെളിവുകള്‍ റോയല്‍ മിലിട്ടറി പോലീസിന് കൈമാറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ജനറല്‍ മര്‍ക്ക് കാള്‍ട്ടണ്‍ സ്മിത്ത് തയാറായില്ല. രാത്രികാല റെയ്ഡിനിടെ നിരായുധരായ ആളുകളെ വധിക്കുന്നതിന് തങ്ങള്‍ സാക്ഷിയായിരുന്നെന്ന് എസ്.എ.എസിനൊപ്പം അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ബി.ബി.സിയോടു വ്യക്തമാക്കിയിട്ടുണ്ട്.