മഹാരാഷ്ട്ര: തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മഹാരാഷ്ട്രയിലെ നാനേഘട്ടിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വൈറലായത്. അത്ഭുത കാഴ്ചകളുടെ കലവറയാണ് പ്രകൃതി. അത്തരമൊരു നിഗൂഢത നിറഞ്ഞ അത്ഭുതമാണ് നാനേഘട്ടി വെള്ളച്ചാട്ടം.
നാനേഘട്ടി റിവേഴ്സ് വെള്ളച്ചാട്ടത്തിലെ വെള്ളം ഭൂമിയിൽ പതിക്കുന്നതിനു പകരം പോകുന്നത് ആകാശത്തേക്ക് ആണ്. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. മഴയ്ക്കൊപ്പമുള്ള കാറ്റാണ് ഈ മനോഹരമായ ദൃശ്യം സാധ്യമാക്കുന്നത്. “മഴക്കാലത്തിന്റെ ഭംഗി” എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ഈ റിവേഴ്സ് വെള്ളച്ചാട്ടം കാണുന്നവരെല്ലാം അമ്പരന്നു പോകും. മഴക്കാലത്ത് ഈ അത്ഭുതകരമായ റിവേഴ്സ് വെള്ളച്ചാട്ടം കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. മഹാരാഷ്ട്രയിലെ ജൂന്നാറിനടുത്താണ് നാനേഘട്ട് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിൽ മുംബൈയിൽ നിന്ന് മൂന്നു മണിക്കൂർ കൊണ്ട് എത്തിച്ചേരാം.

