കൊഹിമ: ലോകജനസംഖ്യാദിനത്തില്‍ ജനപ്പെരുപ്പത്തിന് രസകരമായ പരിഹാരം നിര്‍ദേശിച്ച് നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന അലോങ്.ഒറ്റയ്ക്കു ജീവിക്കുകയാണ് ജനസ്യഖ്യാ വളര്‍ച്ചയ്ക്ക് മന്ത്രി മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം.
ലോക ജനസംഖ്യാദിനത്തില്‍, ജനസംഖ്യാ വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിരിക്കുകയും കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനമെടുക്കുകയും ചെയ്യാം. അല്ലെങ്കില്‍ എന്നെപ്പോലെ അവിവാഹിതനായിരിക്കുക, സുസ്ഥിരമായ ഭാവിക്കായി നമുക്ക് ഒരുമിച്ച് സംഭാവന ചെയ്യാം. വരൂ, ഇന്ന് സിംഗിള്‍സ് പ്രസ്ഥാനത്തില്‍ ചേരൂ…- മന്ത്രി ടെംജെന്‍ ഇമ്ന അലോങ് ട്വീറ്റ് ചെയ്തു.
മന്ത്രിയുടെ രസകരമായ ട്വീറ്റിനോട് നിരവധിപേരാണ് പ്രതികരിച്ചത്. ഗൗരവമേറിയ വിഷയങ്ങള്‍ നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്ന മന്ത്രിയുടെ ശൈലിയെ പിന്തുണച്ച് പലരും ട്വീറ്റ് ചെയ്തു. നേരത്തേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ നേരിടുന്ന വംശീയ വേര്‍തിരിവ് ”ചെറിയ കണ്ണുകളുള്ളതിന്റെ പ്രയോജനങ്ങള്‍” എന്ന പരാമര്‍ശത്തിലൂടെ സമൂഹമാധ്യമത്തില്‍ മന്ത്രി പങ്കുവച്ചത് വൈറലായിരുന്നു.

