*പള്ളിപ്പുറം പാടശേഖരത്തെ തരിശ് ഭൂമിയിൽ ഞാറുനട്ടു
പള്ളിപ്പുറം പാടശേഖരത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ കൂടുതൽ വില നൽകി ഏറ്റെടുക്കുമെന്ന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തിൽ സമ്പൂർണ്ണ നെൽകൃഷി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായ ഞാറ് നടീൽ മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി പരിപോഷിപ്പിക്കുകയെന്നത് സർക്കാർ നയമാണ്. സംസ്ഥാനത്ത് അരിയുടെ ഉത്പാദനം ഇരട്ടിയായി വർധിപ്പിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ പ്രതിസന്ധിയുണ്ടാകും. ഇതു മുന്നിൽ കണ്ടുകൊണ്ട് കൃഷി വ്യാപിപ്പിക്കാൻ പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷിയിലേക്ക് വരുന്നവർക്ക് എല്ലാവിധ പിന്തുണയും ആനുകൂല്യങ്ങളും നൽകും. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര നെൽ വികസന പദ്ധതിയിലൂടെ ഒരു ഹെക്ടർ കൃഷിക്ക് 25,000 രൂപ വരെ കർഷകർക്ക് നൽകുന്നുണ്ട്. അതോടൊപ്പം കർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പള്ളിപ്പുറം പാടശേഖരത്തിൽ കഴിഞ്ഞ 15 വർഷമായി തരിശായി കിടന്ന 30 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതിൽ പതിനൊന്ന് ഏക്കറിലാണ് ആദ്യഘട്ടമായി ഞാറുനടീൽ ആരംഭിക്കുന്നത്. തൊഴിലുറപ്പ് പ്രവർത്തകരാണ് ഞാറു നടുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ പള്ളിപ്പുറം പാടശേഖരത്തെ സമ്പൂർണ്ണ കൃഷിയോഗ്യമാക്കി മാറ്റുമെന്നും പഞ്ചായത്തിലെ 18 വാർഡുകളിലെ 18 ഏക്കർ ഭൂമിയിൽ പച്ചക്കറി കൃഷി നടത്തുന്ന ബൃഹത് പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു സൈമൺ, വാർഡ് മെമ്പർമാർ, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രതിനിധികൾകർഷകർ തുടങ്ങിയവരും പങ്കെടുത്തു.

