ഇടുക്കി: രാവിലെ ജോലിക്ക് പോയ ആദിവാസിയുവാവ് കാട്ടുകൊമ്പനിൽ നിന്ന് രക്ഷപെട്ടത് നൂല് വ്യത്യാസത്തിൽ. പക്ഷെ ആനക്കലി അടങ്ങിയിട്ടില്ല. വീടിനടുത്ത് ആളെ കാത്ത് കാവലാണ്. രാത്രിയിലും കാട്ടുകൊമ്പൻ കാത്തുനിൽക്കുന്നതോർത്ത് നടുങ്ങി തറമാടത്തിൽ ആദിവാസി കുടുംബം. വനംവകുപ്പിനെ അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
ഇടുക്കി ജില്ലയിൽ ചിന്നക്കനാലിലാണ് സംഭവം. 11- ജൂലായ് 2022 രാവിലെ 8 മണിയോടെ ആണ് ആനയുടെ ആക്രമണം ഉണ്ടായത്. ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി ഒരേക്കർ പട്ടയഭൂമി നൽകി ആദിവാസികളെ കുടിയിരുത്തിയ 301 കോളനിയിലെ താമസക്കാരനായ ചന്ദ്രനെയാണ് ആന ആക്രമിച്ചത്. രാവിലെ കൂലിപ്പണിക്ക് പോകുകയായിരുന്നു . മഴ ഉണ്ടായിരുന്നതിനാൽ കുട ചൂടിയാണ് പോയത്. ആന എതിരെ ഓടിവരുന്നത് കണ്ടില്ല. ദൂരെനിന്ന് ഇത് കണ്ട ചന്ദ്രന്റെ ഭാര്യ അലറിവിളിച്ചതുകേട്ട് നോക്കുമ്പോൾ കൊല്ലാനടുക്കുന്ന കൊമ്പനെയാണ് കണ്ടത്. പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ വഴിയിൽ വലിച്ചു കെട്ടിയിരുന്ന കമ്പി ഉടക്കി ചന്ദ്രൻ വീണുവെങ്കിലും ആനയെത്തുന്നതിനു മുമ്പെ വീണ്ടും എഴുന്നേറ്റോടി. കുടിയിലെത്തുമ്പോൾ ആളുകൾ ഒച്ചയും പടക്കം പൊട്ടിക്കലുമായി വന്നതുകൊണ്ട് ആന പിന്തിരിഞ്ഞു. പക്ഷെ, കുടയുടെ പരിസരത്ത് കാവൽ നിൽക്കുകയാണ്. നിരവധി പേരെ കൊലപ്പെടുത്തിയ ആനയാണിതെന്ന് ആദിവാസികൾ പറയുന്നു.
ആന കുടിയുടെ പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഭയന്നു വിറച്ച് വീടുകളിൽ കഴിയുന്ന ആദിവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും വാച്ചർമാർപോലും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പരാതിപ്പെടുന്നു.
റവന്യൂ ഭൂമിയായ ഈ പ്രദേശത്തുനിന്നും ആദിവാസികളേയും കർഷകരേയും നീക്കം ചെയ്ത് ഭൂമി പിടിച്ചെടുത്ത് ആനത്താരയും ആനപ്പാർക്കും ഉണ്ടാക്കുവാനുള്ള പദ്ധതിയുമായി വനംവകുപ്പ് നിലയുറപ്പിച്ചിരിക്കുകയാണ്. ആനശല്യം കൊണ്ട് താമസക്കാർ സ്വയം ഒഴിഞ്ഞുപോകുന്ന സാഹചര്യമൊരുക്കുകയാണ് വനംവകുപ്പെന്ന് നാട്ടുകാർ പറയുന്നു. വൈകുന്നേരമാകുന്നതോടെ ദൂരെ മലകളിൽ നിൽക്കുന്ന ആനയെപ്പോലും പ്രകോപിപ്പിച്ച് ജനവാസമേഖലയ്ക്ക് അടുത്തെത്തിക്കുകയാണ് വാച്ചർമാരുടെ പതിവെന്ന് നാട്ടുകാരും ആദിവാസികളും പറയുന്നു.