ദമ്പതിമാർക്കെതിരായ സദാചാര ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പോലീസ് കമ്മീഷണർ

കണ്ണൂർ: തലശ്ശേരിയിൽ രാത്രി കടൽപ്പാലം കാണാൻ എത്തിയ ദമ്പതിമാർക്കെതിരായ സദാചാര ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു സിറ്റി പോലീസ് കമ്മീഷണർ. തലശ്ശേരി ഇൻസ്പെക്ടർക്കും, എസ്ഐ ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിർദേശം. ഇരുവർക്കുമെതിരായി ആരോപണം തലശ്ശേരി എസിപിയും, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും, വൂണ്ട് സർട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണർ ആർ. ഇളങ്കോ നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് കമ്മീഷണർ വ്യക്തമാക്കി.

സദാചാര ആക്രമണം നേരിട്ട ദമ്പതിമാർ തലശ്ശേരി പോലീസിനെതിരെ ഗുരുതരാരോപണവുമായി രംഗത്തെത്തിയിരുന്നു. സദാചാര പോലീസ് ചമയുകയും മർദ്ദിച്ചശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ദമ്പതിമാരുടെ പരാതി. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവർക്കാണ് പോലീസിൽ നിന്നും മോശം അനുഭവം ഉണ്ടായത്. രാത്രി കടൽ പാലം കാണാൻ പോയപ്പോൾ പോലീസിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി.

പോലീസിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായപ്പോൾ തിരികെ ചോദ്യങ്ങൾ ചോദിച്ചു. പിന്നാലെ പോലീസ് അസഭ്യവർഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഭർത്താവിനെ മർദ്ദിച്ചെന്നും മേഘ പറഞ്ഞു. ഭർത്താവിനെ പോലീസ് സ്റ്റേഷനിൽ കെട്ടിതൂക്കും എന്ന് ഭീഷണിപ്പെടുത്തി, രാത്രി മുഴുവൻ പോലീസ് സ്റ്റേഷന് പുറത്ത് നിർത്തി എന്നും മേഘ പറഞ്ഞു. തുടർന്ന് പോലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തി എന്നും ആരോപിച്ച് അവർക്ക് എതിരെ കേസെടുത്തു. ഈ കേസിൽ നിലവിൽ റിമാന്റിലാണ് പ്രത്യൂഷ്. മേഘയ്ക്ക് ജാമ്യം ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →