ടോക്കിയോ: വെടിയേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു. അല്പം മുമ്പാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കൻ ജപ്പാനിലെ നാര നഗരത്തിൽ വെച്ചാണ് അക്രമി വെടിയുതിർത്തത്. പിന്നിൽ നിന്ന് കൈതൊക്ക് ഉപയോഗിച്ച് വെടിവെച്ചു എന്നാണ് പോലീസ് പറയുന്നത്. രണ്ടു വെടിയുണ്ടകൾ ഏറ്റു എന്നാണ് റിപ്പോർട്ട്. അക്രമി എന്ന് കരുതുന്ന 41 കാരനായ യമഗാമി തെത്സുയയെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ മുൻ നാവികസേന ഉദ്യോഗസ്ഥൻ ആണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആബേ.
വെടിയേറ്റ ഉടനെ ഹൃദയാഘാതം കൂടി ഉണ്ടായതാണ് ആരോഗ്യനില കൂടുതൽ വഷളാക്കിയത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.
ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബേ. 2020ലാണ് അദ്ദേഹം അധികാരത്തിൽ നിന്നിറങ്ങുന്നത്. 2006ലാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒരു വർഷമാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. 2012 ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. 2012 ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.