കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാം. ശാസ്ത്രീയ പരിശോധന വേണ്ടെന്ന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണം എന്ന് പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹാഷ് വാല്യൂ മാറിയതിൽ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടുദിവസത്തിനുള്ളിൽ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കണം. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണം എന്നാണ് നിർദേശം. പരിശോധന റിപ്പോർട്ട് മുദ്രവച്ച കവറിൽ വേണം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഇത് ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ കക്ഷി ചേർന്ന എട്ടാം പ്രതിയായ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് നീക്കം എന്നാണ് ദിലീപിന്റെ വാദം. എന്നാൽ മൂന്ന് ദിവസം മതി മെമ്മറി കാർഡ് പരിശോധിക്കാൻ എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് പറയുന്നതെങ്ങനെയെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. മെമ്മറി കാർഡ് പരിശോധിക്കണം എന്നാവശ്യപ്പെട്ട ക്രൈംബ്രാഞ്ച് ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തിൽ വിദഗ്ധരല്ല. വിദഗ്ധർക്കു മാത്രമേ ഇത് മനസ്സിലാക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.