ദോഹ: ഫുട്ബോള്‍ ലോകകപ്പിനിടെ ഫാഷന്‍ ഷോയും. ഫൈനലിന് മുമ്പ് ഏതെങ്കിലും ഒരു ദിവസം സ്റ്റേഡിയം 974 ല്‍ ഷോ നടത്താനാണു സംഘാടക സമിതി ആസൂത്രണം ചെയ്യുന്നത്.നവംബര്‍ 21 നാണ് ലോകകപ്പിന് വിസിലുയരുക. അറബ് മേഖലയിലെ ആദ്യ ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങളാണ് ഒരുങ്ങിയത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ഇടദിവസമായ ഡിസംബര്‍ 16 നു സ്റ്റേഡിയം 974 ല്‍ ഫാഷന്‍ ഷോ നടത്തും. ഖത്തര്‍ ഫാഷന്‍ യുണൈറ്റഡ് എന്ന പേരില്‍ സി.ആര്‍. റണ്‍വേയാണ് ഷോ സംഘടിപ്പിക്കുന്നത്. ലോകത്തെ മികച്ച 100 ഫാഷന്‍ ബ്രാന്‍ഡുകള്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ ഫാഷന്‍ യുണൈറ്റഡ് വ്യക്തമാക്കി. വര്‍ച്വല്‍ ഫാഷന്‍ ഷോ ലോകത്തെ അതികായനാണ് കാരിന്‍ റോയ്റ്റ്ഫ്ളഡ് രൂപംകൊടുത്ത സി.ആര്‍. റണ്‍വേ. സ്റ്റേഡിയം 974 ല്‍ ആറ് മത്സരങ്ങളാണ് നടക്കുക. മത്സരങ്ങള്‍ കാണാനെത്തുന്ന വിവിധ നാട്ടുകാരെയും രസിപ്പിക്കാനുള്ള പരിപാടികളും ഫാഷന്‍ ഷോയ്ക്കൊപ്പം ആസൂത്രണം ചെയ്യുന്നുണ്ട്. ഖത്തര്‍ മ്യൂസിയം ചെയര്‍പഴ്സണ്‍ ഷെയ്ഖാ അല്‍ മായാസ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയാണ് ട്വിറ്ററിലൂടെ ഫാഷന്‍ ഷോയുടെ തീയതി ആദ്യമായി പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു. ദോഹയിലെ റാസ് അബു അബൗദിലുള്ള സ്റ്റേഡിയം 974 നും പ്രത്യേകതകളുണ്ട്. 974 കപ്പല്‍ കണ്ടെയ്നര്‍ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്.
ഖത്തറിന്റെ ഡയലിങ് കോഡും കപ്പലുകളുടെ എണ്ണവും സൂചിപ്പിക്കാനാണ് സ്റ്റേഡിയത്തിന് 974 എന്ന പേര് നല്‍കിയത്. പൊളിച്ചു മാറ്റാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ഇവിടുത്തെ ഇരിപ്പടങ്ങളും പൊളിച്ചു മാറ്റാവുന്നതാണ്.ലോകകപ്പില്‍ ആദ്യമായാണ് താല്‍ക്കാലിക സ്റ്റേഡിയം ഉപയോഗിക്കുന്നത്. മെക്സിക്കോ – പോളണ്ട് (സി ഗ്രൂപ്പ്), പോര്‍ചുഗല്‍ – ഘാന (എച്ച് ഗ്രൂപ്പ്), ഫ്രാന്‍സ് – ഡെന്‍മാര്‍ക്ക് (ഡി ഗ്രൂപ്പ്), ബ്രസീല്‍ – സ്വിറ്റ്സര്‍ലന്‍ഡ് (ജി ഗ്രൂപ്പ്), പോളണ്ട് – അര്‍ജന്റീന (സി ഗ്രൂപ്പ്), സെര്‍ബിയ- സ്വിറ്റ്സര്‍ലന്‍ഡ് (ജി ഗ്രൂപ്പ്) എന്നീ ലീഗ് മത്സരങ്ങളും നോക്കൗട്ട് മത്സരവുമാണ് ഇവിടെ നടത്തുന്നത്.

