തിരുവനന്തപുരം: സഹകരണ വകുപ്പ് അന്വേഷണത്തിൽ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. മെയിൻ ബ്രാഞ്ചായ തൂങ്ങാംപാറയിൽ ആയിരുന്നു വിജിലൻസ് സംഘത്തിന്റെ പരിശോധന. മറ്റ് മൂന്ന് ബ്രാഞ്ചുകളിലെ ജീവനക്കാരെ വിജിലൻസ് സംഘം ഹെഡ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗന്റെ മൊഴിയെടുത്തു. കമ്പ്യൂട്ടറും മറ്റ് രേഖകളും വിജിലൻസ് പരിശോധിച്ചു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന മൂന്ന് മണി വരെ നീണ്ടു.
2022 ജൂൺ 30 ന് രാവിലെ 11 മണിയോടെയാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ തൂങ്ങാംപാറയിലെ ഹെഡ് ഓഫീസിൽ എത്തിയത്. തുടർന്ന് മറ്റ് മൂന്ന് ബ്രാഞ്ചുകളിലെ ജീവനക്കാരെയും ഇവിടേക്ക് വിളിച്ചുവരുത്തി. ബാങ്കിന്റെ കമ്പ്യൂട്ടറുകളും രേഖകളും പരിശോധിച്ച വിജിലൻസ് സംഘം ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗനിൽ നിന്നും ബാങ്ക് സെക്രട്ടറിയിൽ നിന്നും മൊഴിയെടുത്തു. സഹകരണ വകുപ്പ് 65 അന്വേഷണ റിപ്പോർട്ടിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന അന്വേഷണ റിപ്പോർട്ടിൽ സർക്കാരും നടപടി തുടങ്ങിയതിന്റെ പിന്നാലെയാണ് വിജിലൻസ് പരിശോധന നടത്തിയത്.
സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ 65 അന്വേഷണത്തിൽ 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ധൂർത്തും ക്രമക്കേടും അനധികൃത നിയമനങ്ങളും ചട്ടം ലംഘിച്ചുള്ള വായ്പകളും അടക്കം ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. എൻ ഭാസുരാംഗൻ തന്നെ പ്രസിഡന്റായ മാറനെല്ലൂർ ക്ഷീര സംഘത്തിന്റെ ഫാക്ടറി അടക്കം കടം കയറി അടച്ചുപൂട്ടിയതും കണ്ടല ബാങ്കിൽ നടന്ന ക്രമക്കേടുകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പേർക്ക് ബാങ്കിൽ അനധികൃമായി നിയമനം നൽകിയതായും കണ്ടെത്തിയിരുന്നു. 25 കൊല്ലമായി പ്രസിഡന്റായി തുടരുന്ന ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളും നിയമനം ലഭിച്ചവരിൽ ഉൾപ്പെടുന്നു. 15 വർഷത്തിനിടെ 22 കോടി രൂപ ജീവനക്കാർക്ക് അനർഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാൻ വിനിയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സിപിഐ നേതാവായ ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്. കണ്ടല സഹകരണ ആശുപത്രിയിൽ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താൽക്കാലികക്കാർ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയിൽ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനിടയിൽ പ്രസിഡന്റ് ഭാസുരാംഗന്റെ ജ്യേഷഠന്റെ മകൻ അഖിലേഷും അഖിലേഷിന്റെ ജ്യേഷഠന്റെ ഭാര്യയും ഭാസുരാംഗന്റെ അളിയന്റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കൾക്കും ബാങ്കിൽ ജോലിയുണ്ട്. എന്നാൽ നിയമനത്തിനായി രജിസ്ട്രാർക്ക് അപേക്ഷിച്ചാൽ അനുമതി കിട്ടാത്തത് കൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗൻ മുന്നോട്ട് വെക്കുന്നത്.
വർഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്ത് കൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ ബാങ്ക് ക്ലാസ് അഞ്ചിൽ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാർക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവർക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തിൽ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്