കൊല്‍ക്കത്ത: ശാരദ ചിട്ടിക്കമ്പനിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടിയ പണം നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കാന്‍ അടിയന്തര നടപടിക്കു കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്.ശാരദയുടെ ആസ്തികള്‍ വിറ്റുകിട്ടിയ പണത്തിന്റെ കണക്കുകളും പണവും ജസ്റ്റിസ് എസ്.പി. താലൂക്ദാര്‍ കമ്മിറ്റിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനും സെബി, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ക്കും ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖര്‍ജി, ജസ്റ്റിസ് ശുഭേന്ദു സാമന്ത എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്കി.ശാരദയില്നിന്നു പിടിച്ചെടുത്തതും ഇനിയും വിറ്റിട്ടില്ലാത്തതുമായ ആസ്തികളും കമ്മിറ്റിക്ക് കൈമാറണം. നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനുള്ള നടപടികളും കമ്മിറ്റിയുടെ ചുമതലയില്‍ നടത്തും. സെബി പിടിച്ചെടുത്ത മൂന്നു ഭൂസ്വത്തുക്കള്‍ ഉടനടി ലേലം ചെയ്ത് പണം കമ്മിറ്റിയെ ഏല്‍പ്പിക്കണം.ശാരദയില്‍ നിന്നു പിടിച്ചെടുത്ത ഏകദേശം 140 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് അതിഭാഷകനായ ശുഭാഷിഷ് ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. സെബി, സി.ബി.ഐ, ഇ.ഡി. എന്നിവരുടെ പക്കല്‍ ഏകദേശം 1300 കോടി രൂപയുണ്ട്. നിക്ഷേപകര്‍ക്ക് ഏകദേശം 1500 കോടി രൂപയാണ് തിരികെ കിട്ടാനുള്ളത്.
ശാരദ ചിട്ടിക്കമ്പനിയുടെ സ്വത്ത് വിറ്റുകിട്ടിയ പണം നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ ഉത്തരവ്
