കെ.കെ.രാകേഷിന്റെ ഭാര്യക്ക്‌ അസോസിയേറ്റ്‌ പ്രൊഫസറായി നിയമനം

കണ്ണൂര്‍ ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്‌ കണ്ണൂര്‍ സര്‍വകാലശാലയില്‍ നിയമനം. 2021 നവംബറില്‍ തയാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരിയായ പ്രിയയുടെ നിയമനം രാഷ്ട്രീയ വവിാദങ്ങളെ തുടര്‍ന്ന്‌ മരവിപ്പിക്കുകയായിരുന്നു. മതിയായ യോഗ്യതകളില്ലാതെ അനധികൃത നിയമനത്തിനുളള നീക്കം നടക്കുന്നുവെന്നായിരുന്നു ആക്ഷേപം. റാങ്കുപട്ടിക നിലവില്‍ വന്ന്‌ ഏഴുമാസത്തിനുശേഷം 27/06/22 തിങ്കളാഴ്‌ച ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗമാണ്‌ ഇതിന്‌ അംഗീകാരം നല്‍കിയത്‌. മലയാളവിവഭാഗം അസോസിയേറ്റ്‌ പ്രൊഫസറായിട്ടാണ്‌ ഇവര്‍ ജോലിയില്‍ പ്രവേശിക്കുക. അസോസിയേറ്റ്‌ പ്രൊഫസര്‍ തസ്‌തികയ്‌ക്ക്‌ യുജിസി വ്യവസ്ഥ അനുസരിച്ചുളള എട്ടുവര്‍ഷത്തെ അദ്ധ്യാപന പരിചയം പ്രിയക്ക്‌ ഇല്ലെന്നായിരുന്നു ആരോപണം.

ചട്ടം അനുസരിച്ച്‌ അസോ.പ്രഫസര്‍ക്ക്‌ ഗവേഷണ ബിരുദവും എട്ടുവര്‍ഷം അസി,ഫ്രൊഫസര്‍ തസ്‌തികയിലുളള അദ്ധ്യാപന പരിചയവുമാണ്‌ യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനതസ്‌തികയിലേക്കുളള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ല്‍ തൃശൂര്‍ കേരള വര്‍മ കോളേജില്‍ മലയാളം അസി.പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ സര്‍വീസിലിരിക്കെ മൂന്നുവര്‍ഷത്തെ അവധിയില്‍ ഗവേഷണം നടത്തിയാണ്‌ പിഎച്ച.ഡി ബിരുദം നേടിയത്‌. യുജിസി നിയമംഅനുസരിച്ച്‌ ഗവേഷണ ബിരുദം നേടുന്നതിന്‌ വിനയോഗിച്ച കാലയളവ്‌ അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്നാണ്‌ വ്യവസ്ഥ.

ഗവേഷണം കഴിഞ്ഞ്‌ 2019 മുതല്‍ രണ്ടുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് സര്‍വീസ്‌ ഡയറക്ടറായും ഇവര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്‌തിരുന്നു. ഭരണപരമായ ഉത്തരവാദിത്വം മാത്രമായതിനാല്‍ ഈ തസ്‌തികയും അദ്ധ്യാപന പരിചയത്തില്‍ ഉള്‍പ്പടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന്‌ കാണിച്ചാണ്‌ പ്രിയ ഒന്നരലക്ഷം രൂപ മാസ ശമ്പളമുളള തസ്‌തികയിലേക്ക്‌ അപേക്ഷിച്ചത്‌.

ചുരുക്ക പട്ടികയിലെ ആറുപേര്‍ പങ്കെടുത്ത അഭിമുഖകത്തില്‍ 27 വര്‍ഷത്തെ അദ്ധ്യപന പരിചയമുളള ജോസഫ്‌ സക്കറിയായ്‌ക്കാണ്‌ കൂടുതല്‍ യോഗ്യതയെന്ന്‌ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ അഭിമുഖത്തിനുശേഷം തയാറാക്കിയ പട്ടികയില്‍ പ്രിയ ഒന്നാമതെത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണ്‌ നിയമനത്തിന്‌ നീക്കമെന്നായിരുന്നു പരാതി. ഇതെല്ലാം അവഗണിച്ചാണ്‌ ഇപ്പോള്‍ നിയമനം.

സ്വര്‍ണകടത്ത്‌ അടക്കമുളള ആരോപണങ്ങളില്‍ പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്‌ ഓഫീസിലെ ഉന്നതന്റെ ഭാര്യക്ക്‌ വഴിവിട്ട്‌ നിയമനം നടത്തുന്നത്‌. പ്രിയ വര്‍ഗീസിന്‌ നിയമനം നല്‍കാനുളള തീരുമാനം വി.സി നിയമനത്തിനുളള പ്രത്യുപകരാമാണെന്ന്‌ സെനറ്റ്‌ അംഗം ഡോ. ആര്‍.കെ ബിജു ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →