വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം മത്സരങ്ങള്‍ക്ക് തുടക്കം

ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ബില്‍ 1877 മുതല്‍ നടക്കുന്ന വിമ്പിള്‍ഡണ്‍ ഏറ്റവും പഴക്കമുള്ള ഗ്രാന്‍സ്ലാം ടൂര്‍ണമെന്റാണ്.സെര്‍ബിയയുടെ ലോക മൂന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും നാലാം നമ്പര്‍ സ്പെയിന്റെ റാഫേല്‍ നദാലും 24-ാം ഗ്രാന്‍സ്ലാം തേടുന്ന യു.എസിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും വിമ്പിള്‍ഡണിലെ പോരാട്ടങ്ങള്‍ക്കു ചൂടു പിടിപ്പിക്കും. ഓസ്ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ നദാല്‍ 22 ഗ്രാന്‍സ്ലാമുകള്‍ എന്ന നേട്ടത്തിലാണ്. കളിമണ്‍ കോര്‍ട്ടില്‍ 14 തവണ ജേതാവായെങ്കിലും വിമ്പിള്‍ഡണില്‍ (2008, 2010) രണ്ടുവട്ടം മാത്രമാണു നദാല്‍ ജേതാവായത്.

20 ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയ ജോക്കോവിച്ചിന് സീസണ്‍ അത്ര പന്തിയല്ല. കോവിഡ്-19 വാക്സിന്‍ എടുക്കാത്തതിനാല്‍ ജോക്കോയെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ അനുവദിച്ചില്ല. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാലിനോടു തോറ്റു പുറത്തായി. വിമ്പിള്‍ഡണ്‍ ജോക്കോയുടെ ഇഷ്ട വേദിയാണ്. ആറു തവണയാണ് സൂപ്പര്‍ ജോക്കോ ഇവിടെ ജേതാവായത്. ബ്രിട്ടന്റെ വെറ്ററന്‍ താരം ആന്‍ഡി മുറേ, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, നോര്‍വേയുടെ കാസ്പര്‍ റൂഡ് എന്നിവരും കിരീട പ്രതീക്ഷയുമായി രംഗത്തുണ്ട്.

ജോക്കോ ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ കെവോണ്‍ സൂണ്‍ വൂവിനെ നേരിടും. ലോക റാങ്കിങ്ങില്‍ 75-ാം സ്ഥാനക്കാരനാണു കെവോണ്‍.വനിതകളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ യു.എസിന്റെ സെറീന വില്യംസിനെയാണ് കാണികള്‍ കാത്തിരിക്കുന്നത്. വെറ്ററന്‍ താരത്തിന്റെ ആദ്യ എതിരാളി ഫ്രാന്‍സിന്റെ ഹാര്‍മണി ടാനാണ്. 24-ാം ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോഡ് നേട്ടമാണു സെറീനയുടെ ലക്ഷ്യം. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു സെറീന റാക്കറ്റെടുക്കുന്നത്. കോര്‍ട്ടില്‍ നിന്ന് ഒരു വര്‍ഷം വിട്ടുനിന്ന സെറീന 1,204-ാം റാങ്കുകാരിയായാണ് വിമ്പിള്‍ഡണില്‍ കളിക്കുന്നത്. ഇവിടെ ഏഴുവട്ടം ചാമ്പ്യനായ സെറീനയ്ക്ക് ഒരു തവണ കൂടി കിരീടം നേടിയാല്‍ 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റെക്കോഡിന് ഒപ്പമെത്താം. കഴിഞ്ഞ സീസണിലെ വിമ്പിള്‍ഡണ്‍ ഒന്നാം റൗണ്ട് മത്സരത്തിനിടെ പരുക്കേറ്റ പുറത്തായതാണ് സെറീന. അലിയാക്സാന്ദ്ര സാസ്നോവിച്ചിനെതിരായ മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. സാസ്നോവിച്ചിനെതിരായ മത്സരം പൂര്‍ത്തിയാക്കണമെന്നാണ് സെറീനയുടെ മോഹം. 2017 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയാണ് സെറീന 23 ഗ്രാന്‍സ്ലാമുകളെന്ന നേട്ടം കൈവരിച്ചത്. 2018, 2019 സീസണുകളിലെ വിമ്പിള്‍ഡണ്‍, യു.എസ്. ഓപ്പണുകളില്‍ റണ്ണര്‍ അപ്പായി മടങ്ങി.

മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍സ്ലാമുകളെന്ന റെക്കോഡിനൊപ്പമെത്താനുള്ള തീവ്ര ശ്രമത്തിലാണ് സെറീന. വിമ്പിള്‍ഡണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിതയെന്ന നേട്ടം സെറീനയ്ക്കു സ്വന്തമാണ്. 2016 ലാണ് അവര്‍ കിരീടം നിലനിര്‍ത്തിയത്. 41-ാം വയസിലേക്കു കടക്കുന്ന സെറീന 1998 ല്‍ ആദ്യമായി വിമ്പിള്‍ഡണില്‍ കളിക്കുമ്പോള്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ഇഗാ സ്വിയാടെക് ജനിച്ചിട്ടില്ലായിരുന്നു.പോളണ്ടുകാരിയായ ഇഗ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ്. ഫ്രഞ്ച് ഓപ്പണ്‍ രണ്ടുവട്ടം ജേതാവായെങ്കിലും ഇഗയ്ക്കു വിമ്പിള്‍ഡണില്‍ എത്തിപ്പിടിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →