കീവ്: പടിഞ്ഞാറന്‍, വടക്ക്, തെക്കന്‍ യുക്രൈന്‍ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ റഷ്യന്‍ മിസൈല്‍വര്‍ഷം. റഷ്യന്‍ പീരങ്കികളും വ്യോമാക്രമണങ്ങളും വെള്ളിയാഴ്ച കിഴക്കന്‍ ലുഹാന്‍സ്‌ക് മേഖലയിലെ സിവിയെറോഡൊണെസ്‌ക്, ലിസിചാന്‍സ്‌ക് എന്നീ ഇരട്ട നഗരങ്ങളെ പിടിച്ചു കുലുക്കി. നൂറുകണക്കിന് സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്ന കെമിക്കല്‍ പ്ലാന്റ് തകര്‍ത്തതായും യുക്രൈനിയന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
രൂക്ഷമായ ആക്രമണത്തിനു പിന്നാലെ സിവിയെറോഡൊെണസ്‌കില്‍ നിന്നു പിന്‍വാങ്ങാന്‍ സൈന്യത്തിനു യുക്രൈന്‍ നിര്‍ദേശം നല്‍കി. ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പ്രതിരോധിക്കാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ അവിടെ ബാക്കിയുള്ളൂ എന്നു കണ്ടാണിത്. മേയില്‍ മരിയുപോള്‍ തുറമുഖം നഷ്ടപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണിത്.അതിര്‍ത്തിമേഖലയായ ചെര്‍ണിഹീവ് ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണം റഷ്യന്‍ സഖ്യകക്ഷിയായ ബെലാറൂസിന്റെ മണ്ണില്‍നിന്നായിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. യുദ്ധം അഞ്ചാം മാസത്തിലേക്കു കടക്കുന്ന വേളയിലാണ് റഷ്യ കടുത്ത ആക്രമണം കഴിച്ചുവിട്ടത്. രാത്രിയില്‍ 48 ക്രൂയിസ് മിസൈലുകള്‍ യുക്രൈനില്‍ ഉടനീളം റഷ്യ മിസൈല്‍ വര്‍ഷിച്ചതായി യുക്രൈനിയന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മിഖേലോ പോഡോലിയാക് ട്വിറ്ററില്‍ പറഞ്ഞു. റഷ്യ ഇപ്പോഴും യുക്രൈനെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ എണ്‍പതോളം സൈനികരെ വകവരുത്തിയതായി റഷ്യ അവകാശപ്പെട്ടു.പുടിന്റെ ലക്ഷ്യങ്ങളിലൊന്നായ ലുഹാന്‍സ്‌കിന്റെ പൂര്‍ണനിയന്ത്രണം മോസ്‌കോയ്ക്ക് അതിവിദൂരമല്ലെന്നു വ്യക്തമാക്കുന്നതാണ് പുതിയ നീക്കങ്ങള്‍. ലിസിചാന്‍സ്‌ക് ആകും അടുത്ത പ്രധാന ഉന്നം. അതും ഒന്നര ആഴ്ച കൊണ്ട് സാധിക്കുമെന്നാണ് റഷ്യന്‍ കണക്കുകൂട്ടല്‍.
റഷ്യന്‍ സൈന്യം സിവിയെറോഡൊണെസ്‌കിന്റെ വ്യാവസായിക മേഖല ആക്രമിച്ചതായി ലുഹാന്‍സ്‌ക് മേഖലയുടെ ഗവര്‍ണര്‍ സെര്‍ഹി െഗെഡായി പറഞ്ഞു. ഇന്നലെ ലിസിചാന്‍സ്‌കില്‍ കടന്നുകയറി ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവിടെ വ്യോമാക്രമണവും നടത്തി.സിവിയെറോഡൊണെസ്‌ക് പീരങ്കികളാല്‍ തകര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ലിസിചാന്‍സ്‌കില്‍ നിന്ന് 17 പേരെ വെള്ളിയാഴ്ച ഒഴിപ്പിച്ചിരുന്നു.

