തിരുവനന്തപുരം: മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയിൽ ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
കൊച്ചി രാജഗിരി ആശുപത്രിയിൽ നിന്ന് 19/06/22 ഞായറാഴ്ച രാത്രി അഞ്ചരക്കാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർസ്പെഷ്യാലിറ്റി വിഭാഗത്തിൽ എത്തിച്ചത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാന്‍ പോലീസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച വൃക്ക, സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത് രാത്രി ഒമ്പതരയോടെയാണ് എന്നാണ് ആരോപണം. കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നില്ലെന്നും, ശസ്ത്രക്രിയ വൈകിയതാണ് മരണ കാരണമെന്നുമാണ് പരാതി.
മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ലഭ്യമാകുന്ന അവയവം അത് ചേരുന്ന രോഗിയെ കണ്ടെത്തിയാണ് നൽകുന്നത്. പ്രായം, രോഗാവസ്ഥ ഇതെല്ലാം പരിഗണിച്ചാണ് അവയവം നൽകുക. വൃക്കയുമായി എത്തിയ മെഡിക്കൽ സംഘത്തിന് അത് ഓപ്പറേഷൻ തീയേറ്ററിലേക്ക് കൈമാറാൻ തിയേറ്ററിനു മുന്നിൽ കാത്തുനിൽക്കേണ്ടിവന്നു. ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ പത്ത് മിനിറ്റിലേറെ കാത്തെങ്കിലും നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെയോ, ഓപ്പറേഷൻ തിയേറ്ററിലെ ജീവനക്കാരോ എത്തിയില്ല. നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ ഏകോപനക്കുറവാണ് ഈ കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അനൗദ്യോഗികമായി സമ്മതിക്കുന്നുണ്ട്.
പിന്നീട് രാത്രിയോടെ ശാസ്ത്രക്രിയ നടത്തി ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിക്ക് രക്തസ്രാവമുണ്ടായി. രക്തസമ്മർദം താഴ്ന്നു. ഹൃദയസ്തംഭനം സംഭവിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ശസ്ത്രക്രിയ വൈകിട്ട് ഇല്ലെന്നും വീഴ്ച ഇല്ലെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ നില ശസ്ത്രക്രിയക്കുശേഷം അതിഗുരുതരമായി എന്നും രക്തസമ്മർദ്ദം താഴ്ന്ന് മരണം സംഭവിക്കുകയായിരുന്നു എന്ന് വിശദീകരിക്കുന്നു. ശസ്ത്രക്രിയക്ക് മുന്പ് നടത്തിയ പരിശോധനകളിൽ എല്ലാം രോഗിയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ശാസ്ത്രക്രിയ നടത്താമെന്ന ബന്ധുക്കളുടെ പൂർണ്ണ സമ്മതത്തോടെയാണ് സുരേഷ് കുമാറിന്റെ ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ പറയുന്നു.
ആശുപത്രിയിൽ തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും, സൂപ്രണ്ടും അടങ്ങുന്ന സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. യൂറോളജി, നെഫ്രോളജി വകുപ്പ് തലവൻമാരുടെയും ഓപ്പറേഷൻ തിയേറ്റർ ചുമതല ഉണ്ടായിരുന്ന നഴ്സുമാരെയും അടക്കം വിളിച്ചുവരുത്തി വിശദീകരണം വാങ്ങുന്നുണ്ട്. ഇതിനിടെ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടൻ തന്നെ വിളിച്ചു ചേർക്കുന്നതാണ് എന്നും മന്ത്രി വ്യക്തമാക്കി.
കൃത്യമായ ഊഷ്മാവിൽ കോൾഡ് സ്റ്റോറേജ് ഒരുക്കി കൊണ്ടുവന്ന വൃക്ക 12 മണിക്കൂർ വരെ സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രക്രിയ വൈകിയതാണ് മരണകാരണമെന്ന് പരാതിയെ ആശുപത്രി അധികൃതരും, ആരോഗ്യ വിദഗ്ധരും തള്ളുകയാണ്.