തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമി(18) യാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കൊലപാതകത്തിനും, ആത്മഹത്യയ്ക്കും കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
19/06/22 ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇരുവരെയും സുമിയുടെ വീടിനു സമീപത്തെ റബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിയുടെ മൃതദേഹം നിലത്ത് വീണുകിടക്കുന്ന നിലയിലും,ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മിൽ 3 വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ കുറച്ചു നാളായി ഇരുവരും തമ്മിൽ ഇടയ്ക്ക് പിണക്കം ഉണ്ടായിരുന്നു. ഉണ്ണി തന്നെ മർദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. 18/06/22 ശനിയാഴ്ച സുമിയും, ഉണ്ണിയും തമ്മിൽ പിണങ്ങുകയും, സുമി ശ്വാസംമുട്ടലിനുള്ള എട്ട് ഗുളികകൾ കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുകാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോവുകയും, പിന്നാലെ ഉണ്ണിയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
സംഭവങ്ങൾക്കുശേഷം 19/06/22 ഞായാറാഴ്ചയാണ് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരും സംസാരിക്കുന്നത് ചിലർ കണ്ടെങ്കിലും പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തുവീണു കിടക്കുന്ന നിലയിലും, ഉണ്ണിയെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പാങ്ങോട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

