എം.ജി ശ്രീകുമാറിനെ വച്ചു ! മട്ടന്നൂരിനെ ആക്കി !! കരിവെള്ളൂർ മുരളിയെ നിശ്ചയിച്ചു !!! എന്തു കഷ്ടമാണിത് ?

എന്തു കഷ്ടമാണ്! സർവ്വത്ര അക്കാദമികൾക്കും ഭാരവാഹികളായി. പുതിയ ഭരണസമിതികൾ ചുമതലയേറ്റിട്ട് മാസങ്ങളായി. നിലവിലെ ചെയർപേഴ്സൺ മരണപ്പെട്ടിട്ടും സംഗീത നാടക അക്കാദമിക്ക് പുതിയ കമ്മിറ്റിയായില്ല. പാർട്ടി എം.ജി.ശ്രീകുമാറിനെ നിശ്ചയിച്ചെന്നും പിന്നത് മരവിപ്പിച്ച് മട്ടന്നൂരിനെ വച്ചെന്നും പത്രങ്ങളും ചാനലുകളുമെഴുതി. മട്ടന്നൂരിനും സെക്രട്ടറി കരിവള്ളൂരിനും അഭിവാദ്യം നേർന്ന് എത്ര എത്ര പോസ്റ്ററുകൾ ഇറങ്ങി. കല കൊണ്ട് ഉപജീവനം നടത്തുന്ന, കലയിൽ നിന്നുള്ള വരുമാനം നിലച്ചാൽ കുടുബം പട്ടിണിയാകുന്ന നാടകക്കാരുടെയും, സംഗീത -നൃത്ത മേഖലയുടെയും അക്കാദമിയാണത്.

കഴിഞ്ഞ ബജറ്റിൽ നാടക മേഖലക്ക് പ്രഖ്യാപിച്ച 5 കോടിയിൽ നാടക മേഖലയെ തളിർപ്പിക്കേണ്ട പ്രസ്ഥാനമാണ്, നിരന്തരം പണിയെടുക്കുന്ന കലാസമിതികൾക്ക് ചെറുതെങ്കിലും ഗ്രാൻറ് നൽകി ഗ്രാമീണ കേരളത്തെ ഉണർത്തേണ്ട പ്രസ്ഥാനമാണ്, അന്താരാഷ്ട്ര നാടകോത്സവത്തിൻ്റെ യവനിക ഉയർത്തി ഈ വർഷമെങ്കിലും മലയാള നാടകവേദിക്ക് ദിശാബോധം നൽകാനുള്ള പ്രവർത്തനങ്ങൾ എന്നേ തുടങ്ങി വയ്ക്കേണ്ട അക്കാദമിയാണ് ചെയർമാനും സ്ഥിരം സെക്രട്ടറിയുമില്ലാതെ, ജനങ്ങളുമായി ബന്ധമില്ലാതെ ഇങ്ങിനെ നശിക്കുന്നത്. എന്നും ഇടതുപക്ഷ ഭരണത്തിൽ ഭദ്രമായ സാംസ്കാരി വകുപ്പിന് എന്താണ് പറ്റിയത്? ഭരണ വ്യാകരണങ്ങളിൽ നിന്ന് സാംസ്കാരികം എന്ന വാക്കിനെ പടിയിറക്കാൻ ആർക്കാണ് വ്യഗ്രത?

കാലവർഷം വന്നു, മുല്ലപ്പെരിയാറിൽ താഴെ കേരളം ഉറക്കമിളച്ച് നെഞ്ചിടിപ്പോടെ

എന്നും പഞ്ചാഗ്നി നടുവിൽ കഴിയേണ്ടി വരുന്ന ഗതികെട്ട ജനതയാണ് ഇടുക്കിക്കാർ. രാജ്യത്തിൻ്റെ നിലനിൽപ്പിനായി ഭക്ഷ്യോൽപ്പാദനം നടത്താൻ സർക്കാർ പറഞ്ഞയച്ചതാണ് ഇടുക്കിയിലേക്ക്. അന്നവർ യൗവനയുക്തരായിരുന്നു. ജീവിത പ്രണയികളായിരുന്നു. അതുകൊണ്ട് സർക്കാരിൻ്റെ ആഹ്വാനം കേട്ട്, തരക്കേടില്ലാതിരുന്ന ജീവിത സാഹചര്യങ്ങളെ ഉപേക്ഷിച്ച്, ഭാര്യയേയും കൈക്കുഞ്ഞുങ്ങളുമായി മല കയറി. അന്നു തുടങ്ങി ഗതികേടിൻ്റെ മലവെള്ളപ്പാച്ചിലും.

മലമ്പനി, അതിവൃഷ്ടി , മണ്ണിടിച്ചിൽ, കൃഷി നാശം.. ഫലത്തിൽ ചൂതുകളിയായി കൃഷി. കുഴിച്ചുവച്ചവ തലയൊന്നു നീട്ടാറാകുമ്പോഴും വന്യമൃഗങ്ങൾ നാവു നീട്ടിയെത്തി. എന്നിട്ടും പൊരുതി, മണ്ണിൽ കനകം വിളയുമെന്ന മൂഢവിശ്വാസത്തിൽ അവരുടെ യുവത്വം മണ്ണിൽ ഉരുക്കിയൊഴിച്ചു.

വനനിയമങ്ങളും സർക്കാരിൻ്റെ ചിറ്റമ്മനയവും ഇടുക്കിക്കാരെ എന്നും ഗതികെട്ടവരായി നിലനിർത്തി. അണക്കെട്ട് നിർമ്മിക്കാനെന്ന പേരിൽ നിത്യം കുടിയിറക്കി. കൈവശഭൂമിക്ക് പട്ടയത്തിന് ആയുഷ്ക്കാലം കെഞ്ചുന്ന യാചകരാക്കി. നഗരങ്ങളിൽ പരിസ്ഥിതി നിയമങ്ങൾ നോട്ടിൽപ്പറത്തി വൻ നിർമ്മിതികൾ തീർക്കുമ്പോഴും, വികസന മറവിൽ പ്രകൃതിനശീകരണം നടത്തുമ്പോഴും വിളിച്ചു പറഞ്ഞു: ഇടുക്കിക്കാർ പ്രകൃതിനശിപ്പിക്കുന്നവരാണ്. നിങ്ങൾ വീട് പണിയരുത്, സ്കൂൾ പണിയരുത്. പട്ടയത്തിനപേക്ഷ നൽകരുത്. ഇടുക്കി എന്നും കാടായി നിലനിൽക്കണം. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം രാഷട്രിയ കക്ഷികൾ സ്നേഹം കാണിച്ചു.

കോടതികളിൽ സർക്കാരുകൾ കണ്ണുപൊത്തിക്കളിച്ചപ്പോൾ ജനജീവിതം ദുസ്സഹമായിത്തീർന്നു. ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട ജലബോംബിന് ചുവട്ടിൽ ഉറങ്ങാതിരിക്കുന്ന സ്ഥിതിയുണ്ടായി. ഇടുക്കിയെ മാത്രം നിർമ്മാണ നിയന്ത്രണങ്ങൾ ഞെരിച്ചമർത്തി. ഇപ്പോഴിതാ സുപ്രീം കോടതിയുടെ ബഫർ സോൺ പ്രഖ്യാപനം. ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ജനമൊഴിഞ്ഞ് അവിടം വനമായി നിലനിർത്തേണ്ടി വന്നിരിക്കുന്നു. ക്രൂരവിധികളുടെയും, അനാസ്ഥയുടെയും ഇരകൾക്ക് സംരക്ഷണം ആര് തരും.

അടിയന്തിര നിയമസഭ സമ്മേളനം വിളിച്ചു കൂട്ടി കേന്ദ്ര ഗവ. നെയും സുപ്രിം കോടതിയെയും അടിയന്തിര സാഹചര്യം ബോദ്ധ്യപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം പോലുമുൾക്കൊള്ളാത്ത ഭരണകൂടം, ഹർത്താൽ പ്രഖ്യാപിച്ച് തലയൂരുന്ന പ്രതിപക്ഷം. പെരുവഴിയിൽ നിസ്സഹായരായി അന്തിച്ചു നിൽക്കുന്ന നമ്മൾ, ഇടുക്കിക്കാർ …! കെ റെയിൽ അനുമതിക്ക് പ്രധാനമന്ത്രിയെ നേരിൽക്കണ്ട മുഖ്യമന്ത്രി, കേരളത്തെ പ്രതിനിധീകരിക്കുന്ന എം.പി.മാരെ, കഷ്ടം!

അതിജീവന ശ്രമങ്ങൾക്കുമേൽ ഉദ്യോഗസ്ഥ ദുർനീതികൾ

1970 മുതൽ ഞങ്ങൾ താമസിക്കുന്ന കട്ടപ്പന ഇടുക്കി കവല പ്രദേശത്തെ സ്ഥലത്തിന് പട്ടയ വിതരണത്തിനുള്ള തടസ്സം നീങ്ങിയതിനെത്തുടർന് 2017ൽ ചാർജ്ജെടുത്ത സെപഷ്യൽ ഭൂമി പതിവ് തഹസിൽദാർ നിയമം പഠിച്ച് നൂറ്റിരണ്ട് പേർക്ക് പട്ടയം നൽകി. അപ്പോഴാണ് വകുപ്പ് ഭരിക്കുന്ന പാർട്ടി ഉദ്യോഗസ്ഥനെതിരെ നീങ്ങുന്നത്. സീസറിനുള്ളത് സീസറിന് വാങ്ങി കൊടുക്കണമത്രേ. വിടുപണിക്ക് തയ്യാറില്ലാത്ത ഉദ്ദ്യോഗസ്ഥനെ പുറത്താക്കി, ബാക്കിയുള്ള ഇരുപത് പേരുടെ പട്ടയവിതരണം തടസ്സപ്പെടുത്തി. പട്ടയം നിഷേധിക്കപ്പെട്ട ഇരുപതുപേർ മൂന്ന് വർഷം ആഫീസുകൾ, പാർട്ടി മന്ദിരങ്ങൾ കയറിയിറങ്ങി ഗത്യന്തരമില്ലാതെ ഹൈക്കോടതിയെ സമീപിച്ചു. നീതി നിഷേധം മനസ്സിലാക്കിയ ഹൈക്കോടതി കൃത്യം ആറ് മാസം മുൻപ്
ശേഷിക്കുന്നവരുടെ പട്ടയാപേക്ഷകൾ പരിഗണിക്കാൻ WPC 23927/21 പ്രകാരം ഉത്തരവായി. നാളിതുവരെ റവന്യൂ വകുപ്പ് അനങ്ങിയിട്ടില്ല. കോടതി നിർദ്ദേശങ്ങൾ പോലും അംഗീകരിക്കാത്ത റവന്യു-വനം വകുപ്പുകൾ ആരോടാണ് യുദ്ധം ചെയ്യുന്നത്? പ്രളയവും, കാർഷികത്തകർച്ചയും മഹാമാരിയും തകർത്ത ഒരു ജനതയുടെ അതിജീവന ശ്രമങ്ങൾക്കു മേൽ നിരോധന ബോർഡുകൾ സ്ഥാപിക്കുന്നത്..?

മഴ തുടങ്ങി. ജൂണിൽ തുടങ്ങി സെപ്തംബർ വരെ നീളുന്ന മഴക്കാലം പേടിയുടേതാണ്.
എപ്പോഴാണ് മേലെ നിന്നൊരു കുന്ന്, മരം നീരങ്ങി വരിക? മുൻപിലുള്ള റോഡ് തകരുക? ഓരോ മഴക്കാലവും ബാക്കി വയ്ക്കുന്നത് സങ്കടങ്ങളാണ്.
ഏറ്റവും വലിയ സങ്കടത്തിൻ്റെ പേര് മുല്ലപ്പെരിയാർ എന്നാണ്.
കഴിഞ്ഞ മഴക്കാലത്തെ ദുരനുഭവങ്ങൾ പെരിയാർ തീരം ഒരിക്കലും മറക്കാത്തതാണ്. പാതിരാത്രിയിൽ കിടക്കപ്പായിൽ ജലത്തെക്കൊണ്ട് മുറിപ്പെടുത്തിയത് ഇപ്പോഴും കൺമുന്നിൽ. വളർത്തുമൃഗങ്ങളെയും ആജീവനാന്ത അദ്ധ്വാനഫലമായ സമ്പാദ്യവും ഉപേക്ഷിച്ച് പായും ചുരുട്ടി ഉയരം കൂടിയ സ്ഥലങ്ങളിലെ മരച്ചുവടുകൾ തപ്പിപ്പോയ ദിനങ്ങൾ എങ്ങിനെ മറക്കും?. വർഷമൊന്നു കഴിഞ്ഞു. മുഖ്യമന്ത്രി ചെന്നെയിൽ പോയി പ്രശ്ന പരിഹാര സംസാരം നടത്തുമെന്ന പ്രഖ്യാപനത്തിൽ പൊടിപിടിച്ചു. മുല്ലപ്പെരിയാറിനുടമകളായ അന്യസംസ്ഥാനത്തെ അരചൻ പാർട്ടി സമ്മേളനവേദിയിൽ വന്നു. ഒന്നും സംഭവിച്ചില്ല.
വണ്ടിപ്പെരിയാറ്റിലെയും ചപ്പാത്തിലെയും ഉപ്പുതറയിലെയും പാലങ്ങൾക്കു താഴെ പെരിയാർ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. ചുരുട്ടിവച്ച പായകൾ, ഇപ്പോഴും ഇറയത്തുണ്ട്.
ഓർമ്മകൾ ഉണ്ടായിരിക്കണം.!

Share
അഭിപ്രായം എഴുതാം