ഒരു വർഷത്തിനിടെ ജില്ലയിൽ മുൻഗണന വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തത് 19501 റേഷൻ കാർഡുകൾ. വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയും അദാലത്തുകളിലുമായി ലഭിച്ച 23928 അപേക്ഷകളിൽ നിന്ന് സൂക്ഷ്മപരിശോധനകൾ പൂർത്തിയാക്കിയാണ് ഇത്രയും കുടുംബങ്ങൾക്ക് പുതിയ കാർഡുകൾ വിതരണം ചെയ്തത്.
572 പേർക്ക് മഞ്ഞ നിറത്തിലുള്ള അന്ത്യോദയാ അന്ന യോജന (എ.എ.വൈ) കാർഡുകൾ അനുവദിച്ചപ്പോൾ 18929 പേർക്കാണ് പിങ്ക് നിറത്തിലുള്ള പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്) കാർഡ് ലഭിച്ചത്. രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റതിന് ശേഷം 2021 മെയ് 27 മുതലുള്ള കണക്കുകളാണിത്. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി ആരംഭിച്ച ഒരു ലക്ഷം മുൻഗണനാ കാർഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരമുള്ള 772 റേഷൻ കാർഡുകളുടെ വിതരണവും ഉടൻ പൂർത്തിയാകും. ഇതിൻ്റെ ഭാഗമായി ഇതിനോടകം തന്നെ 16 കുടുംബങ്ങൾക്ക് മഞ്ഞ കാർഡും 180 കുംടുംബങ്ങൾക്ക് പിങ്ക് കാർഡും നൽകിക്കഴിഞ്ഞു.
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗങ്ങളിലേക്ക് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സപ്ലൈ ഓഫീസുകളിൽ ലഭിച്ച അപേക്ഷകൾക്ക് പുറമേ അദാലത്തുകൾ വഴിയും അപേക്ഷകൾ സ്വീകരിച്ചിരുന്നു. പിന്നീട് ഇതിൽ നിന്ന് സൂക്ഷ്മപരിശോധന നടത്തി തിരഞ്ഞെടുക്കുന്നവർക്കാണ് കാർഡുകൾ വിതരണം ചെയ്തത്. അനർഹരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണിത്.
ആലുവ താലൂക് സപ്ലൈ ഓഫീസിലാണ് കൂടുതൽ പേർക്ക് റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നൽകിയത്. 4277 പിങ്ക് കാർഡുകളും 50 മഞ്ഞ കാർഡുകളും ഉൾപ്പടെ 4320 പേർക്കാണ് ഗുണഫലം ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കുന്നത്തുനാട് താലൂക്കിൽ 3627 പേർക്ക് പിങ്ക് കാർഡുകളും 60 മഞ്ഞ കാർഡുകളുമാണ് വിതരണം ചെയ്തത്. പറവൂർ താലൂക്കിൽ 3008 കുടുംബങ്ങൾക്ക് പിങ്ക് കാർഡുകളും 130 കുടുംബങ്ങൾക്ക് മഞ്ഞ കാർഡുകളും ലഭിച്ചു. കോതമംഗലം താലൂക്കിലായിരുന്നു ഏറ്റവുമധികം പേർക്ക് മഞ്ഞ കാർഡ് ലഭിച്ചത്. 171 കാർഡുകളാണ് കൂടുതൽ മുൻഗണന ലഭിക്കുന്ന ഈ വിഭാഗത്തിലേക്ക് മാറ്റി നൽകിയത്.
എറണാകുളം നഗരപരിധി ഉൾപ്പെടുന്ന കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ്, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കുറവ് റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് തരം മാറ്റിയത്. യഥാക്രമം 816, 695 എന്നിങ്ങനെയാണ് ഇത്. കാർഡുകൾ തരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും കുറവ് അപേക്ഷകർ എത്തിയതും ഇവിടങ്ങളിൽ തന്നെയായിരുന്നു.