തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പട്ടാപ്പകൽ നടുറോഡിൽ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. ഉള്ളൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഡാനിയേലിനെയാണ് ഇരുപതോളം വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലിയത്. മർദ്ദനമേറ്റ് അവശനിലയിലായ വിദ്യാർഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടം സെൻറ് മേരീസ് ഹയർ സെക്കന്ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജെ. ഡാനിയേൽ. നഗരത്തിലെ മറ്റൊരു സ്കൂളിലെ വിദ്യാർഥികളാണ് അക്രമം നടത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
15/06/22 ബുധനാഴ്ച രാവിലെ പട്ടം സെൻറ് മേരീസ് സ്കൂളിലേക്ക് വരുമ്പോഴാണ് സംഭവം. ബസ്സിറങ്ങിയ ഉടനെ ബസ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർത്ഥികൾ കൂട്ടമായെത്തി മർദ്ദിക്കുകയായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള മുൻ വൈരാഗ്യം ആണ് മർദ്ദനത്തിലേക്ക് നയിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽകോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാർത്ഥികളോട് പിതാക്കളോടും സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം തന്റെ സഹപാഠികളിൽ ഒരാളാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് ഡാനിയേൽ പറയുന്നത്. ഡാനിയേലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി പ്രതികൾക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നും ഇതിനെ തുടർന്നാണ് തന്നെ ആക്രമിച്ചതെന്നും ഡാനിയൽ പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഡാനിയേലിന് തലയ്ക്കും, കൈയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

