ന്യൂഡല്‍ഹി:അവശ്യ സാധനങ്ങള്‍ക്ക് വില കുതിക്കുന്നു. രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. മൊത്ത വില പണപ്പെരുപ്പം മുപ്പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം മെയില്‍ കുറഞ്ഞെങ്കിലും മൊത്ത വില പണപ്പെരുപ്പം വര്‍ധിക്കുകയായിരുന്നു.മെയ് മാസത്തില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപെരുപ്പം 15.88 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ 13.11 ശതമാനവുമായിരുന്നു. ഏപ്രിലില്‍ 15.08 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. തുടര്‍ച്ചയായി 14-ാം മാസമാണ് മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്.
പച്ചക്കറി, പഴം, പാല്‍, നിര്‍മാണ ഉത്പന്നങ്ങള്‍, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില വര്‍ധനവാണ് മൊത്തവില സൂചിക ഉയരാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.പച്ചക്കറികളുടെ വിലയില്‍മാത്രം 56.36ശതമാനമാണ് വര്‍ധനവ്. ഗോതമ്പിന്റെ വില 10.55ശതമാനവും ഉയര്‍ന്നു. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റമാകട്ടെ 7.78ശതമാനവുമാണ്. മൊത്തവില സൂചികയിലെ വര്‍ധന റീട്ടെയില്‍ സൂചികയെ സമ്മര്‍ദത്തിലാക്കുമെന്നാണ് ആര്‍.ബി.ഐ.യുടെ വിലയിരുത്തല്‍.റഷ്യ യുക്രൈന്‍ സംഘര്‍ഷം വിപണിയെ സാരമായി രിതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്.ഒപ്പം എണ്ണവിലയിലെ കുതിപ്പ് , വ്യാവസായിക അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, ഗതാഗത ചെലവ്, വിതരണ ശൃംഖലയിലെ തടസങ്ങള്‍ എന്നിവയാണ് പണപ്പെരുപ്പത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങള്‍.

